Last Modified ബുധന്‍, 29 ഒക്ടോബര്‍ 2014 (20:17 IST)
വിശുദ്ധ മാമച്ചന്! നല്ല പേര് അല്ലേ? പുതിയ ഏതെങ്കിലും സിനിമയുടെ പേരാണോ എന്നാണോ ചോദ്യം. അല്ല. അല്ലെന്നുമാത്രമല്ല, ഇനിയൊരിക്കലും ഒരുപക്ഷേ ഈ പേരില്‍ ഒരു സിനിമ വരാനും സാധ്യതയില്ല. പിന്നെയാരാണ് ഈ വിശുദ്ധ മാമച്ചന്.
'വെള്ളിമൂങ്ങ' എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേരായിരുന്നു വിശുദ്ധ മാമച്ചന്. എന്നാല്‍ ആ പേര് പിന്നീട് വേണ്ടെന്നുവച്ചു. അതിനൊരു കാരണമുണ്ട്.
"ആദ്യം വിശുദ്ധ മാമച്ചന് എന്നായിരുന്നു വെള്ളിമൂങ്ങയുടെ പേര്. ചിത്രീകരണം തുടങ്ങാറായപ്പോഴാണ് വൈശാഖിന്റെ വിശുദ്ധന് എന്ന സിനിമയെക്കുറിച്ച് അറിഞ്ഞത്. അതോടെ ആ പേരിന് പ്രസക്തി നഷ്ടപ്പെട്ടു. അങ്ങനെ ടൈറ്റിലില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ഇതിന് ശേഷം പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും ഒന്നും തൃപ്തികരമായില്ല. അങ്ങനെ ഷൂട്ടിംഗ് തീരാന്‍ ദിവസങ്ങള്‍ ശേഷിക്കവെയാണ് ക്രിയേറ്റീവ് ഹെല്പ്പിന് ഒപ്പമുണ്ടായിരുന്ന ശ്രീജിത്ത് മഞ്ചേരിയെന്ന ക്യാമറാമാന് വെള്ളിമൂങ്ങയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഏത് രീതിയിലും സിനിമയ്ക്ക് ചേരുന്ന പേരാണിതെന്ന് എല്ലാവര്ക്കും തോന്നിയതോടെ 'വെള്ളിമൂങ്ങ' എന്ന് പേര് നിശ്ചയിക്കുകയായിരുന്നു" - ചിത്രത്തിന്റെ സംവിധായകന് ജിബു ജേക്കബ് വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു
റിലീസായി മൂന്നാഴ്ചയ്ക്കുള്ളില്‍ എട്ടുകോടി രൂപ നിര്‍മ്മാതാവിന് നേടിക്കൊടുത്ത് ഗംഭീര വിജയമാണ്
വെള്ളിമൂങ്ങ സ്വന്തമാക്കിയത്. ജോജി തോമസ് എന്ന നവാഗതനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.