‘ഓര്‍മ്മയുണ്ടോ ഈ മുഖം’ - ഈ ഡയലോഗുമായി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍റെ പിറവി 1994ലാണ് സംഭവിച്ചത്. ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ - സുരേഷ് ഗോപി ത്രയത്തിന്‍റെ ഏറ്റവും മഹത്തായ വിജയം. ഒപ്പം സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി അവരോധിക്കപ്പെട്ടു. ‘ഐ ആം ഭരത് ചന്ദ്രന്‍. ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന് ഭരത് ചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശഭരിതരായി എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിക്കുകയായിരുന്നു ഈ താരത്തെ. സുരേഷ് ഗോപിയുടെ കരിയര്‍ കമ്മീഷണറിന് മുമ്പും പിന്നീടും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റോറിയായാണ് കമ്മീഷണര്‍ വിലയിരുത്തപ്പെടുന്നത്. ഭരത് ചന്ദ്രനെ മലയാളത്തിലുണ്ടായ ഏറ്റവും ഉള്‍ക്കരുത്തുള്ള പൊലീസ് കഥാപാത്രമായും.