രഞ്ജിത് ചിത്രത്തില്‍ ജയറാം

WEBDUNIA| Last Modified തിങ്കള്‍, 2 ജനുവരി 2012 (13:12 IST)
PRO
PRO
കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ സീനിയേഴ്സില്‍ നായകന്‍ ജയറാമായിരുന്നു. പ്രദര്‍ശന വിജയം നേടിയ മേക്കപ്പ് മാനിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ജയറാം തിളങ്ങി. 2011ല്‍ അവസാനമെത്തിയ സ്വപ്നസഞ്ചാരിയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച് ജയറാം കയ്യടി നേടി. 2012ലും ജയറാമിന് ചിത്രങ്ങള്‍ ഏറെയാണ്. അവയില്‍ പ്രധാനം രഞ്ജിത്തിന്റേതാണ്.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, സമ്മര്‍ ഇന്‍ ബത്‌ലേഹം, കൈക്കുടന്ന നിലാവ്, പൂക്കാലം വരവായി തുടങ്ങിയവയാണ് രഞ്ജിത്തും ജയറാമും ഒന്നിച്ച ചിത്രങ്ങള്‍. എന്നാല്‍ ഇവയുടെ തിരക്കഥ മാത്രമായിരുന്നു രഞ്ജിത്തിന്റേത്. ഇതാദ്യമായാണ് ജയറാം രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. കേരള കൌമുദിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ജയറാം തന്നെയാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. മാര്‍ച്ചിലായിരുക്കും രഞ്ജിത് ചിത്രം ആരംഭിക്കുകയെന്ന് ജയറാം പറയുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ജയറാമിന്റെ ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം തിരുവമ്പാടി തമ്പാനാണ്. രഞ്ജിത്തിന്റെ ശിഷ്യനായ എം പത്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷുവിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം ജയറാമിന് മറ്റൊരു ഹിറ്റ് സംവിധായകന്റെ ചിത്രവുമുണ്ട്. ഷാജി കൈലാസിന്റെ ചിത്രമാണ് ഈ വര്‍ഷം ജയറാം ആദ്യം ചെയ്യുക. ജനുവരിയില്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :