ശ്രീശാന്തിനെക്കുറിച്ച് ഷാജി കൈലാസ് സിനിമയെടുക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ആഘോഷിക്കുകയാണ്. ശ്രീശാന്തിന്‍റെ ക്രിക്കറ്റ് കരിയറിലെ ഉയര്‍ച്ചയും തകര്‍ച്ചയും ചര്‍ച്ച ചെയ്യുന്ന സിനിമയുടെ തിരക്കഥ എ കെ സാജനാണ് രചിക്കുന്നത്. എന്നാല്‍ ഇതൊരു പുതിയ കഥയല്ലെന്നാണ് ഷാജി കൈലാസും എ കെ സാജനും പറയുന്നത്.
ശ്രീശാന്ത് വാതുവയ്പ് കേസില്‍ പിടിയിലാകുന്നതിന് ഏറെക്കാലം മുമ്പ് തന്നെ ക്രിക്കറ്റ് വാതുവയ്പ്പിനെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായാണ് ഷാജി പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത സംവിധായകനും തിരക്കഥാകൃത്തിനും ലഭിച്ചത് ഇപ്പോഴാണ്.
ഒരു ഗ്രാമത്തിലെ സാധാരണക്കാരനായ പയ്യന്‍ കഠിനപ്രയത്നത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്നതും അവിടെ അവന്‍ വാതുവയ്പുകാരുടെ കെണിയില്‍ അകപ്പെടുന്നതുമാണ് കഥയുടെ ത്രെഡ്. എന്നാല്‍ സംഗതി ശുഭ പര്യവസായിയായിരിക്കും. തന്‍റെ മേല്‍ പതിച്ച ആരോപണത്തിന്‍റെ നിഴലുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് പയ്യന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതായിരിക്കും പടത്തിന്‍റെ ക്ലൈമാക്സ്.
താരനിര്‍ണയം നടന്നിട്ടില്ലെങ്കിലും ശ്രീശാന്തിനോട് സാദൃശ്യമുള്ള കഥാപാത്രമായി പുതുമുഖമായിരിക്കും അഭിനയിക്കുക എന്നാണ് സംവിധായകന്‍ നല്‍കുന്ന വിവരം. ക്രിക്കറ്റും അധോലോകവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന ഒരു പ്രൊജക്ടാണ് ഷാജിയുടെയും സാജന്‍റെയും മനസില്‍.