ലാല്‍ജോസ് ‘രണ്ടാം ഭാവം’ തുടങ്ങുന്നു!

WEBDUNIA|
PRO
ലാല്‍ ജോസ് ഇന്ന് ഏറ്റവും കൊമേഴ്സ്യല്‍ മൂല്യമുള്ള സംവിധായകനാണ്. പ്രേക്ഷകര്‍ ഏറെ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ആള്‍. അദ്ദേഹത്തിന്‍റെ സിനിമയ്ക്കുണ്ടാകുന്ന ഇനിഷ്യല്‍ പുള്‍ ആ വിശ്വാസത്തിന്‍റെ ദൃഢതയെയാണ് സൂചിപ്പിക്കുന്നത്.

കുറച്ചു വലിയ സിനിമകള്‍ സംവിധാനം ചെയ്തുകഴിയുമ്പോള്‍ ചില സംവിധായകര്‍ക്ക് മനസുമടുക്കും. കച്ചവടസിനിമകളുടെ സമ്മര്‍ദ്ദത്തില്‍ നിന്നെല്ലാം ഒഴിഞ്ഞ് പുതിയ വഴി തേടാനുള്ള ശ്രമം ആരംഭിക്കും. രഞ്ജിത് ഒക്കെ അങ്ങനെ വഴിമാറി നടന്നവരാണ്. അന്‍വര്‍ റഷീദ് ആ പാതയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ ലാല്‍ ജോസും അങ്ങനെയൊരു നീക്കത്തിന് തുടക്കമിടുകയാണ്.

ഇനി തന്‍റെ കരിയറിന്‍റെ രണ്ടാം ഘട്ടമാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. ലാലുവിന്‍റെ ഒരു സിനിമയുടെ പേരുപോലെ തന്നെ ലാല്‍ ജോസിന്‍റെ ഒരു ‘രണ്ടാം ഭാവം’ ഇനി പ്രേക്ഷകര്‍ക്കു കാണാം. ഇനി വലിയ സിനിമകള്‍ ചെയ്യില്ല എന്നാണ് ലാല്‍ ജോസിന്‍റെ ശപഥം. വലിയ ബജറ്റിലുള്ള, വലിയ സബ്ജക്ടുകള്‍ പറയുന്ന സിനിമകളോട് വിട!

ചെറിയ സബ്ജക്ടുകള്‍, പുതുമയുള്ള തിരക്കഥകള്‍ ഒക്കെ സിനിമയാക്കാനാണ് തീരുമാനം. ഈ വര്‍ഷം ലാല്‍ ജോസ് മൂന്ന് സിനിമകളാണ് ചെയ്യുന്നത്. ഗള്‍ഫ് പശ്ചാത്തലത്തിലുള്ള ഡയമണ്ട് നെക്ലേസ്, നവാഗതന്‍റെ തിരക്കഥയില്‍ ഒരു മമ്മൂട്ടിച്ചിത്രം, പൃഥ്വി നായകനാകുന്ന ഒരു സിനിമ. ഇവ മൂന്നും ലോ ബജറ്റ് ചിത്രങ്ങളും പുതുമയുള്ള ചെറിയ സബ്ജക്ടുകള്‍ ചര്‍ച്ച ചെയ്യുന്നവയുമാണ്.

മാത്രമല്ല, ഈ സിനിമകളിലൂടെ ലാല്‍ ജോസ് നിര്‍മ്മാണ രംഗത്തേക്കും കടക്കുകയാണ്. ഇതുവരെ താന്‍ സമ്പാദിച്ചതെല്ലാം നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നതിലൂടെ നഷ്ടപ്പെട്ടാലും ദുഃഖമൊന്നുമില്ലെന്ന് ലാല്‍ ജോസ് പറയുന്നു.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :