മുരളി: അഭിനയത്തികവിന്‍റെ പുലിജന്‍‌മം

ജി കെ

WEBDUNIA|
PRO
അത് അങ്ങനെയൊരു കാലമായിരുന്നു. 2009 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ. മലയാള സിനിമയെ മരണമെന്ന മുഖമില്ലാത്ത കോമാളി കബളിപ്പിച്ചുകൊണ്ടേയിരുന്ന സമയം. ലോഹിതദാസ് എന്ന അതികായനെ വീഴ്ത്തി അത് തുടക്കമിട്ടു. പിന്നീട് രാജന്‍ പി ദേവിനെ കൊത്തിയെടുത്ത് പറന്നു. ഒടുവില്‍ മുരളിയെന്ന കാരിരുമ്പിന്‍റെ കരുത്തുള്ള മനുഷ്യനെയും ജീവിതത്തിന്‍റെ പാതിവഴിയില്‍ വീഴ്ത്തി മരണം ഉറക്കെച്ചിരിച്ചു.

എങ്കിലും മുരളിയുടെ അദൃശ്യ സാന്നിധ്യം ഇപ്പോഴും നമ്മോടൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു, ജീവിതത്തിന്‍റെ യവനിക താഴ്ന്നെങ്കിലും പ്രേക്ഷക മനസ്സില്‍ വേഷമഴിക്കാതെ താന്‍ ഏറെക്കാലം തുടരുമെന്ന്. അത് മുരളിയിലെ നടന്‍റെ മാത്രം കരുത്താണ്. സൂക്ഷ്‌മാഭിനയ ചൈതന്യമുള്ള എത്രയോ കഥാപാത്രങ്ങളെ പ്രേക്ഷകമനസ്സില്‍ കുടിയിരുത്തിയാണ് മുരളി കടന്നു പോയത്.

പഞ്ചാഗ്നിയിലെ വിടനും ആധാരത്തിലെ ബാപ്പൂട്ടിയും ചകോരത്തിലെ ലാന്‍‌സ് നായിക് മുകുന്ദന്‍ മേനോനും നെയ്ത്തുകാരനിലെ അപ്പ മേസ്തിരിയും എല്ലാം മലയാളി മനസ്സില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നുവെങ്കില്‍ അത് മുരളിയെന്ന നടന്‍റെ തലയെടുപ്പ് തന്നെയായിരുന്നു. വെള്ളിത്തിരയില്‍, സിംഹഗര്‍ജനങ്ങള്‍ കൊണ്ടോ അമാനുഷിക പ്രകടനങ്ങള്‍ കൊണ്ടോ ഒന്നുമല്ല മുരളി ഈ തലയെടുപ്പ് സ്വന്തമാക്കിയത്. ഈ മണ്ണു തൊട്ടു നില്‍ക്കുന്ന ശരാശരി മലയാളിയുടെ വാക്കും നോക്കും അനുഭവിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയായിരുന്നു. പൌരുഷം കൊണ്ട് ജ്വലിക്കുമ്പോഴും ആര്‍ദ്രത കൊണ്ട് ഈ കഥാപാത്രങ്ങള്‍ പലപ്പോഴും നമ്മുടെ കണ്ണ് നനയിച്ചു.

ഉള്ളില്‍ സ്നേഹം സൂക്ഷിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങള്‍ക്ക്‌ മുരളി പുതിയ പാഠഭേദങ്ങള്‍ പകര്‍ന്നു. അരങ്ങിന്‍റെ ശീലത്തില്‍നിന്ന്‌ വെള്ളിത്തിരയിലേക്ക്‌ കടന്നപ്പോള്‍ മാധ്യമത്തിന്‍റെ മാറ്റം അതിവേഗം സ്വായത്തമാക്കാന്‍ മുരളിക്ക് കഴിഞ്ഞു. ഭരത്‌ ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലെ ക്ഷുഭിത യൗവനം തുളുമ്പുന്ന കഥാപാത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയെങ്കിലും ആ ചിത്രം വെളിച്ചം കണ്ടില്ല. അരവിന്ദന്‍റെ ചിദംബരവും ലെനിന്‍ രാജേന്ദ്രന്‍റെ മീനമാസത്തിലെ സൂര്യനും മുരളിയെന്ന നടന്‍റെ വരവറിയിച്ചു.

മുരളിക്കുവേണ്ടി ഒട്ടേറെ അതുല്യ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ലോഹിതദാസ് അരങ്ങൊഴിഞ്ഞ് നാല്‍‌പത്തിയഞ്ച് ദിവസത്തിനുള്ളിലാണ് മുരളിയും മലയാളിയെ വിട്ടുപോയത്. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോര്‍ജ്‌ കിത്തു സംവിധാനം ചെയ്ത ആധാരത്തിലെ ബാപ്പൂട്ടിയിലൂടെയായിരുന്നു മണ്ണില്‍ ഉറച്ചു നില്‍ക്കുന്ന നായകന്‍റെ ചൂടും ചൂരും മലയാളി അറിഞ്ഞത്.

എന്നാല്‍ കരുത്തിന്‍റെയും ആണത്തത്തിന്‍റെയും മലയാളി മുഖമാവുമ്പോഴും ചമയത്തിലെ നാടക ആശാനായും പുത്രദുഃഖത്താല്‍ കണ്ണീരു കുടിക്കുന്ന താലോലത്തിലെ നിസ്സഹായനായ അച്ഛനായും പുലിജന്‍‌മത്തിലെ കാരി ഗുരുക്കളായും കിംഗിലെ അതിക്രൂരനായ ജയകൃഷ്ണന്‍ എം പിയായുമെല്ലാം മുരളി നമ്മെ വിസ്മയിപ്പിച്ചു.

ഒരിക്കലും പഠനം അവസാനിപ്പിക്കാത്ത വിദ്യാര്‍ത്ഥിയായിരിക്കണം അഭിനേതാവ് എന്നതായിരുന്നു മുരളിയുടേ മതം. ഇതായിരുന്നു മുരളിയെന്ന നടന്‍റെ വിജയരഹസ്യവും. മുരളി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഓര്‍മയുടെ വേദിയില്‍ ബാക്കിയാവുന്നതിന് കാരണവും അതുതന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :