Last Updated:
വെള്ളി, 27 ഫെബ്രുവരി 2015 (17:39 IST)
മലയാള സിനിമയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഭരണം കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി തുടരുകയാണ്. ഇവരെ വെല്ലുവിളിക്കുന്ന ഒരു താരം ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ സാറ്റലൈറ്റ് റേറ്റില്‍ നടന്‍ ദിലീപ് ബിഗ് എമ്മുകളെ മറികടക്കുകയാണ്.
മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടുന്ന സാറ്റലൈറ്റ് തുകയേക്കാള്‍ വലിയ തുകയ്ക്ക് ഒരു ദിലീപ് സിനിമ വിറ്റുപോയിരിക്കുന്നു. 'ഇവന്‍ മര്യാദരാമന്‍' എന്ന ദിലീപ് സിനിമയാണ് 6.5 കോടി രൂപ നല്‍കി മലയാളത്തിലെ ഒരു സ്വകാര്യ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്.
രാമന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുകയാണ് രാമന്‍. എന്നാല്‍ അയാള്‍ അറിയുന്നില്ല, അയാളുടെ ജീവനുവേണ്ടി ദാഹിക്കുന്ന ഒരു സംഘം ആളുകള്‍ അവിടെ കാത്തിരിക്കുന്നു എന്ന്.
നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ ഉദയ്‌കൃഷ്ണ - സിബി കെ തോമസ് ടീമാണ്. മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് ഇവന്‍ മര്യാദരാമന്‍.
ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ നിക്കി ഗല്‍റാണിയാണ് നായിക.
ദിലീപിനൊപ്പം ഒരു കഥാപാത്രം പോലെ എപ്പോഴും കൂടെ ഒരു സൈക്കിള്‍ ഉണ്ട് ഈ സിനിമയില്‍. ദിലീപിന്‍റെ കഥാപാത്രം സൈക്കിളിനോടും സൈക്കിള്‍ തിരിച്ചും സംസാരിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂടാണ് സൈക്കിളിനായി ഡബ്ബ് ചെയ്തിട്ടുള്ളത്.
വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദര്‍.