നിറങ്ങളുടെ നദി കടന്ന്...

ലിയോ സ്റ്റാലണ്‍ ഡേവിസ്| Last Updated: ബുധന്‍, 25 ഫെബ്രുവരി 2015 (14:45 IST)
ബന്ധങ്ങളുടെ കഥകളാണ് മലയാള സിനിമയുടെ നട്ടെല്ല് എന്ന തിരിച്ചറിവുള്ള സംവിധായകരും എഴുത്തുകാരും ഇന്ന് കുറവാണ്. സിനിമാരംഗത്തും നല്ല സൌഹൃദങ്ങളും സ്നേഹബന്ധങ്ങളും അപൂര്‍വമായിരിക്കുന്നു. എന്നാല്‍ പഴയകാലം ഓര്‍മ്മയുള്ള സിനിമാക്കാര്‍ക്ക് എ വിന്‍‌സെന്‍റിന്‍റെയും പി ഭാസ്കരന്‍റെയും സൌഹൃദത്തെപ്പറ്റി പറയാന്‍ ഏറെയുണ്ടാകും.
 
മലയാള സിനിമയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളില്‍ പ്രധാനപ്പെട്ടതാണ് നീലക്കുയില്‍. ആ സിനിമയുടെ സംവിധായകന്‍ പി ഭാസ്കരനായിരുന്നു. ക്യാമറ ചലിപ്പിച്ചത് വിന്‍സെന്‍റും. ഭാസ്കരന്‍ മാഷിന് ചലച്ചിത്രഗാനരചനയ്ക്ക് ആദ്യമായി അവസരമുണ്ടാക്കിക്കൊടുത്തത് വിന്‍സെന്‍റ് മാഷായിരുന്നു.
 
ഇന്ന് വിന്‍‌സെന്‍റ് മാഷ് വിടവാങ്ങിയിരിക്കുന്നു. സൌഹൃദത്തിന്‍റെ കണ്ണി അവിടെയും മുറിയുന്നില്ല. എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഫെബ്രുവരി 25നായിരുന്നു ഭാസ്കരന്‍ മാഷും ഈ ലോകത്തുനിന്ന് മറഞ്ഞത്. 
 
വിന്‍‌സന്‍റ് മാഷ് ആദ്യമായി സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം എന്ന ചിത്രം ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ നിത്യവിസ്മയമാണ്. ആ ചിത്രത്തിലൂടെയാണ് കുതിരവട്ടം പപ്പു എന്ന നടന്‍ ഉണ്ടാകുന്നത്. യാദൃശ്ചികതയുടെ മറ്റൊരു കളി - പപ്പു മരിച്ചത് 2000 ഫെബ്രുവരി 25നായിരുന്നു!
 
തെന്നിന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ടുകളോളം ഛായാഗ്രഹണകലയുടെ അവസാനവാക്കായിരുന്നു എ വിന്‍‌സെന്‍റ്. പരീക്ഷണങ്ങളുടെ ഇടമായിരുന്നു വിന്‍‌സെന്‍റ് മാഷിന് സിനിമ. ക്രെയിനില്ലാതെ ക്രെയിന്‍ ഷോട്ട്, ട്രോളിയില്ലാതെ ട്രോളി ഷോട്ട്, ലൈറ്റില്ലാതെ രാത്രി ഷൂട്ട് ഇതൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിന്‍‌സെന്‍റ് മാഷ് ചെയ്തു. നീലക്കുയിലിലാണ് മലയാളത്തിലെ ആദ്യത്തെ ക്രെയിന്‍ ഷോട്ടെന്ന് പറയാം.
 
തമിഴിലും തെലുങ്കിലുമായിരുന്നു വിന്‍‌സെന്‍റ് മാഷ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. സാങ്കേതികമായി ഉന്നതനിലവാരം പുലര്‍ത്തുന്നു എന്നതും സാമ്പത്തിക നേട്ടവും അദ്ദേഹത്തെ അന്യഭാഷാചിത്രങ്ങളോട് ചേര്‍ത്തുനിര്‍ത്തി. എന്നാല്‍ ചിന്തിപ്പിക്കുന്ന, ആ‍ഴമുള്ള സബ്‌ജക്ടുകള്‍ പറയാന്‍ മലയാളമായിരുന്നു വിന്‍സെന്‍റ് മാഷ് തെരഞ്ഞെടുത്തത്.
 
ഭാര്‍ഗവിനിലയം തന്നെ ഏറ്റവും വലിയ ഉദാഹരണം. അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ നോക്കുക - മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, തുലാഭാരം, അസുരവിത്ത്, നദി, ത്രിവേണി, നിഴലാട്ടം, ആഭിജാത്യം, നഖങ്ങള്‍, ചെണ്ട, ശ്രീകൃഷ്ണപ്പരുന്ത്, കൊച്ചുതെമ്മാടി - എല്ലാം മലയാളത്തിലെ തലയെടുപ്പുള്ള സിനിമകള്‍.
 
എക്കാലത്തെയും സുന്ദരസിനിമകളില്‍ ഒന്നാണ് 'നദി'. പി ജെ ആന്‍റണിയുടെ കഥയില്‍ നിന്നാണ് വിന്‍സെന്‍റ് മാഷ് ഈ സിനിമയുണ്ടാക്കിയത്. ഹൌസ് ബോട്ടുകളില്‍ ജീവിക്കുന്ന മൂന്നുകുടുംബങ്ങളുടെ കഥയായിരുന്നു നദി. ആലുവാപ്പുഴയുടെ നടുവില്‍ നിര്‍ത്തിയിട്ട ഹൌസ് ബോട്ടുകളിലായിരുന്നു 25 ദിവസം നീണ്ടുനിന്ന ചിത്രീകരണം. സാധാരണ ബോട്ടുകള്‍ ഹൌസ് ബോട്ടുകളാക്കി മാറ്റുകയായിരുന്നു. പുഴയുടെ നടുവില്‍, ബോട്ടുകള്‍ക്കുള്ളിലെ ഷൂട്ടിംഗിന് ഏറെ പരിമിതികളുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ ആ പരിമിതികളൊന്നും ആര്‍ക്കും കാണാനായില്ല. മലയാളത്തിലെ എക്കാലത്തെയും ദൃശ്യഭംഗിയുള്ള സിനിമയായി നദി മാറി. 
 
തുലാഭാരത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച കഥ രസകരമാണ്. ചിത്രത്തിലെ നായികയായ ശാരദയുടെ പ്രകടനം കാണുന്നതിന് വേണ്ടിയാണ് ജൂറി തുലാഭാരം കാണുന്നത്. ശാരദയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊടുത്ത ജൂറിക്ക് സംവിധായകനുള്ള പുരസ്കാരം ആര്‍ക്ക് കൊടുക്കണമെന്നതിനെക്കുറിച്ച് മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല!. 'ചെണ്ട' എന്ന സിനിമയില്‍ മാരാര്‍‌മാരെ അപമാനിക്കുന്നു എന്ന ആരോപണവും വിന്‍‌സെന്‍റ് മാഷ് കേട്ടു. ആ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കരുതെന്ന് കെ കരുണാകരന്‍ ആവശ്യപ്പെട്ടതായും അന്ന് പ്രചരിച്ചിരുന്നു.
 
രാജ് കപൂര്‍ നായകനായ നസ്രാന, രാജേഷ് ഖന്നയുടെ പ്രേം‌നഗര്‍, ദില്‍ ഏക് മന്ദിര്‍, അമിതാഭ് ബച്ചന്‍ മൂന്ന് വേഷങ്ങളില്‍ അഭിനയിച്ച മഹാന്‍ തുടങ്ങിയ ബോളിവുഡ് സിനിമകളുടെയും ഛായാഗ്രഹണം എ വിന്‍‌സെന്‍റായിരുന്നു. തമിഴില്‍ ഉത്തമപുത്രന്‍, കല്യാണപ്പരിശ്, നെഞ്ചില്‍ ഒര്‍ ആലയം, തേന്‍ നിലാവ്, നെഞ്ചം മറപ്പതില്ലൈ, കാതലിക്ക നേരമില്ലൈ, എങ്കവീട്ടു പിള്ളൈ, അടിമൈപ്പെണ്‍, വസന്തമാളികൈ, അവന്‍ ഒരു സരിത്തിറം, നാന്‍ പിറന്ത മണ്‍, ഇളമൈക്കോലം തുടങ്ങിയ ഒട്ടേറെ മെഗാഹിറ്റുകളുടെ ഛായാഗ്രഹണം എ വിന്‍‌സെന്‍റ് ആയിരുന്നു. ചരിത്രവിജയം നേടിയ അനവധി തെലുങ്ക് ചിത്രങ്ങളുടെയും ഛായാഗ്രഹണം അദ്ദേഹമാണ്. എന്‍ ടി രാമറാവുവിന്‍റെ ഇഷ്ട ക്യാമറാമാനായിരുന്നു. എന്‍ ടി ആര്‍ ആദ്യമായി കൃഷ്ണവേഷം കെട്ടിയ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചത് വിന്‍സെന്‍റ് മാഷാണ്.
 
ഛായാഗ്രഹണത്തില്‍ നിന്നും സംവിധാനത്തില്‍നിന്നുമൊക്കെ പതിയെ മാറിനിന്നുതുടങ്ങിയ കാലത്തുപോലും സാഹസികത നിറഞ്ഞതും ഫാന്‍റസി ഉള്‍പ്പെട്ടതുമായ സിനിമകളില്‍ എ വിന്‍‌സെന്‍റ് എന്ന ഛായാഗ്രാഹകനെ ഉപയോഗിക്കാന്‍ സംവിധായകര്‍ ശ്രദ്ധിച്ചു. അങ്കിള്‍ ബണ്‍, ദൌത്യം തുടങ്ങിയ സിനിമകള്‍ ഓര്‍ക്കുക - അവയുടെ സ്പെഷ്യല്‍ ഇഫക്ട്സ് സിനിമാട്ടോഗ്രാഫര്‍ വിന്‍സന്‍റ് മാഷാണ്. ഹായ് സുന്ദരി എന്ന തെലുങ്ക് ചിത്രവും ഓര്‍ക്കുക.
 
1997ല്‍ 'അന്നമയ്യ' എന്ന തെലുങ്ക് ചിത്രത്തിനാണ് വിന്‍സെന്‍റ് മാഷ് അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ചത്. ആ സിനിമയുടെ സംവിധായകന്‍ രാഘവേന്ദ്രറാവു ആയിരുന്നു. പ്രേമലേഖലു എന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമ മുതല്‍ തുടങ്ങിയതാണ് റാവുവും വിന്‍സെന്‍റ് മാഷും തമ്മിലുള്ള ബന്ധം.  ഒരു ജനക്കൂട്ടത്തിന് നടുവില്‍ ദൈവം പ്രത്യക്ഷപ്പെടുന്ന രംഗം ആ സിനിമയുടെ ഹൈലൈറ്റായിരുന്നു. സുമന്‍ ആണ് ദൈവമായി അഭിനയിച്ചത്. ഒരു സര്‍ക്കുലര്‍ ട്രോളി ഉപയോഗിച്ചാണ് അത് ഷൂട്ട് ചെയ്തത്. ഒരു പ്രത്യേകത ആ രംഗത്തിനുണ്ട്. ട്രോളിയില്‍ വട്ടം ചുറ്റുമ്പോഴും ദൈവത്തിന്‍റെ പിന്‍‌ഭാഗം പ്രേക്ഷകര്‍ കാണുന്നില്ല. ഒരു വലിയ കണ്ണാടിയുടെ സഹായത്തോടെയാണ് ഏറെ വെല്ലുവിളി നിറഞ്ഞ ആ ഷോട്ട് വിന്‍‌സെന്‍റ് മാഷ് പൂര്‍ത്തിയാക്കിയത്. ദൈവം പ്രത്യക്ഷപ്പെട്ട ആ സിനിമയ്ക്ക് ശേഷം അതിലും അപ്പുറത്തായി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യമായതിനാലാവാം അത് വിന്‍‌സെന്‍റ് മാഷിന്‍റെ അവസാന സിനിമയായത്.
 
പിന്നീടുള്ള 18 വര്‍ഷക്കാലത്തെ ജീവിതം സിനിമകള്‍ കണ്ടും വായിച്ചും അദ്ദേഹം ചെന്നൈയില്‍ കഴിച്ചുകൂട്ടി. ഇപ്പോഴത്തെ സിനിമകളേക്കാള്‍ ക്യാമറാമികവ് സീരിയലുകള്‍ക്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാടിനെയും കമലിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. നല്ല സിനിമകളുടെ കൂട്ടുകാരനായിരുന്നു എന്നും അദ്ദേഹം. സിനിമ ദൃശ്യഭാഷയാണെന്നും അതല്ല, സബ്‌ജക്ടിനാണ് പ്രാധാന്യമെന്നും രണ്ട് വാദങ്ങള്‍ സിനിമയുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നു. എന്നാല്‍ കണ്ടന്‍റിനും സാങ്കേതികതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ ചലച്ചിത്രകാരനായിരുന്നു എ വിന്‍‌സെന്‍റ്.

ചിത്രത്തിന് കടപ്പാട് - മാതൃഭൂമി ന്യൂസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :