Last Updated:
വെള്ളി, 27 ഫെബ്രുവരി 2015 (15:30 IST)
'കോ' ആയിരുന്നു തമിഴിലെ യുവതാരം ജീവയുടെ ഒടുവിലത്തെ സോളോ ഹിറ്റ്. അത് 2011ല്‍. പിന്നീട് നന്‍പന്‍ എന്ന ഷങ്കര്‍ ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിച്ച് ഒരു വിജയം സ്വന്തമാക്കി. പിന്നീട് പരാജയങ്ങളുടെ തുടര്‍ക്കഥയാണ് ജീവയ്ക്ക് പറയാനുള്ളത്.
രൌദ്രം, വന്താന്‍ വെന്‍ട്രാന്‍, മുഗമൂടി, നീതാനേ എന്‍ പൊന്‍വസന്തം, ഡേവിഡ്, എന്‍ട്രെന്‍ട്രും പുന്നഗൈ, യാന്‍ എന്നീ സിനിമകളാണ് 'കോ'യ്ക്ക് ശേഷം തകര്‍ന്നടിഞ്ഞത്. അതോടെ ജീവയുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാതായി.
സ്വന്തം നിര്‍മ്മാണക്കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറിലാണ് ജീവയുടെ അടുത്ത പടം. നായികയായി നയന്‍താരയെയാണ്
ജീവ ആഗ്രഹിച്ചത്. ജീവ തന്നെ ഇക്കാര്യത്തില്‍ നയന്‍സിനെ സമീപിച്ച് സംസാരിച്ചു. എന്നാല്‍ ഡേറ്റ് പ്രശ്നം പറഞ്ഞ് നയന്‍താര ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവായിരിക്കുകയാണ്.
തുടര്‍ച്ചയായി പരാജയപ്പെടുന്ന ഒരു നായകനൊപ്പം അഭിനയിക്കാനുള്ള മടി കാരണമാണ് നയന്‍സ് ഈ സിനിമയില്‍ നിന്ന് പിന്‍മാറിയതെന്നാണ് കോടമ്പാക്കത്തെ സംസാരം. കരിയറിന്‍റെ തുടക്കത്തില്‍ 'ഇ' എന്ന ചിത്രത്തില്‍ ജീവയ്ക്ക് നായികയായിട്ടുണ്ട് നയന്‍സ്.
എന്തായാലും നയന്‍താരയ്ക്ക് പകരം ശ്രീദിവ്യയെ ഈ സിനിമയിലേക്ക് കാസ്റ്റുചെയ്തിട്ടുണ്ട്. രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. ജീവ മൂന്ന് റോളുകള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ സമുദ്രക്കനി അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കും.