നവ്യ ഇനി സന്തോഷിന് സ്വന്തം

WEBDUNIA|
PRO
മലയാളത്തിന്‍റെ ‘ബാലാമണി’ നവ്യാ നായര്‍ വിവാഹിതയായി. ഇന്ന് 12.10ന് സന്തോഷ്‌ നാരായണമേനോന്‍ നവ്യയ്ക്ക് താലിചാര്‍ത്തി. ഹരിപ്പാട്‌ ചേപ്പാട്‌ സി കെ എച്ച്‌ എസ്‌ എസ്‌ ഗ്രൗണ്ടില്‍ നടന്ന വിവാഹച്ചടങ്ങില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. 2000 പേരെ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ പന്തലാണ് സി കെ എച്ച്‌ എസ്‌ എസ്‌ ഗ്രൗണ്ടില്‍ ഒരുക്കിയിരുന്നത്.

മുംബൈയില്‍ ശ്രീചക്ര പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന എക്സ്പോര്‍ട്ടിംഗ് കമ്പനിയുടെ വൈസ്‌ പ്രസിഡന്‍റാണ്‌ ചങ്ങനാശേരി പനച്ചിക്കാവ്‌ പെരുന്ന പടിഞ്ഞാറ്‌ മേടയില്‍ രാമകൃഷ്ണയില്‍ നാരായണമേനോന്‍റെയും ശാന്താമേനോന്‍റെയും മകനായ സന്തോഷ് നാരായണമേനോന്‍. ചേപ്പാട്‌ മുതുകുളം വടക്ക്‌ നന്ദനത്തില്‍ ജെ രാജുവിന്‍റെയും വീണയുടെയും മകളാണ്‌ നവ്യാ നായര്‍. ധന്യ എന്നാണ് യഥാര്‍ത്ഥ പേര്.

കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് നവ്യാ നായര്‍. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായാണ് നവ്യാ നായര്‍ സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി നവ്യ മാറി.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയറാം, സുരേഷ്ഗോപി എന്നീ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നവ്യ നായികയായി അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ‘ദ്രോണ 2010’ ഈ മാസം 28ന് പ്രദര്‍ശനത്തിനെത്തും. റിലീസാകാനുള്ള യുഗപുരുഷന്‍, സദ്ഗമയ തുടങ്ങിയ ചിത്രങ്ങളിലും നവ്യ നായികയാണ്.

മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ചതുരംഗം, ഗ്രാമഫോണ്‍, അമ്മക്കിളിക്കൂട്, വെള്ളിത്തിര, പട്ടണത്തില്‍ സുന്ദരന്‍, സേതുരാമയ്യര്‍ സി ബി ഐ, ജലോത്സവം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, സര്‍ക്കാര്‍ ദാദ, കണ്ണേ മടങ്ങുക, സൈറ, അലിഭായ്, ബനാറസ്, കലണ്ടര്‍, ഇവര്‍ വിവാഹിതരായാല്‍, കേരളാ കഫെ തുടങ്ങിയവയാണ് നവ്യാ നായര്‍ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

‘അഴകിയ തീയേ’ എന്ന ചിത്രത്തിലൂടെ നവ്യാ നായര്‍ 2004ല്‍ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. ചിദംബരത്തില്‍ ഒരു അപ്പാ സാമി, പാശകിളികള്‍, മായക്കണ്ണാടി, അമൃതം, സില നേരങ്കളില്‍, രാമന്‍ തേടിയ സീതൈ, ആടും കൂത്ത് തുടങ്ങിയ തമിഴ് സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവച്ചു. ഗജ, നാം യജമാനരു, ഭാഗ്യത ബലേഗാര എന്നീ കന്നഡ സിനിമകളിലും നവ്യ അഭിനയിച്ചു. രസിക്കും സീമാനേ എന്ന തമിഴ് ചിത്രവും ബോസ് എന്ന കന്നഡച്ചിത്രവും റിലീസാകാനുണ്ട്.

2002ലും 2005ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള നവ്യാനായര്‍ വിവാഹശേഷം അഭിനയിക്കുമോ എന്ന കാര്യം സസ്പെന്‍‌സായി സൂക്ഷിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :