പത്മകുമാര്‍ വീണ്ടും പൃഥ്വിയ്ക്കൊപ്പം

PROPRO
എം പത്മകുമാര്‍ - പൃഥ്വിരാജ് ടീമിന്‍റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. പത്മകുമാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ അമ്മക്കിളിക്കൂട് മുതല്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങളില്‍ പൃഥ്വിരാജായിരുന്നു നായകന്‍. വര്‍ഗം, വാസ്തവം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ഇപ്പോഴിതാ പത്മകുമാര്‍ വീണ്ടും ഒരു പൃഥ്വിച്ചിത്രവുമായി വരുന്നു. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് പത്മകുമാര്‍ ആലോചിക്കുന്നത്.

ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ ഇത് രണ്ടാം തവണയാണ് പത്മകുമാര്‍ ചിത്രമൊരുക്കുന്നത്. മുമ്പ് ചെയ്ത വാസ്തവം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. വാസ്തവത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പൃഥ്വിക്ക് ലഭിച്ചത്. തലപ്പാവ്, വണ്‍‌വേ ടിക്കറ്റ് തുടങ്ങിയ പൃഥ്വിച്ചിത്രങ്ങളുടെ തിരക്കഥയും ബാബു ജനാര്‍ദ്ദനന്‍റേതായിരുന്നു.

പൃഥ്വിരാജ് സിനിമ കഴിഞ്ഞാലുടന്‍ ഒരു മോഹന്‍ലാല്‍ പ്രൊജക്ടാണ് പത്മകുമാര്‍ ചെയ്യുന്നത്. ഈറ്റത്തൊഴിലാളികളുടെ ജീവിതകഥ പറയുന്ന ഈ സിനിമയുടെ തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവാണ്. നയന്‍‌താര ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയാകുമെന്ന് സൂചനയുണ്ട്.

അനൂപ് മേനോനെ നായകനാക്കി മുംബൈ ഡ്രീംസ് എന്നൊരു സിനിമയും പത്മകുമാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. മമ്‌തയായിരിക്കും നായിക.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :