ഡേവിഡും വീണു, വിക്രമിന്‍റെ കരിയര്‍ കുഴപ്പത്തില്‍

WEBDUNIA|
PRO
വിക്രം നിരാശയിലാണ്. ‘ഡേവിഡ്’ എന്ന ബഹുഭാഷാ ചിത്രവും ബോക്സോഫീസില്‍ തകര്‍ന്നു. കരിയറില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് വിക്രം അഭിമുഖീകരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ഡേവിഡ് ഒരു കൊമേഴ്സ്യല്‍ സിനിമ ആയിരുന്നില്ല എങ്കിലും വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരു ചെറുചലനം പോലുമുണ്ടാക്കാതെ ചിത്രം കടന്നുപോയി.

ഏറ്റവുമൊടുവില്‍ വിക്രത്തിന്‍റേതായി ഒരു മെഗാഹിറ്റ് ഉണ്ടായത് 2005ലാണ്. ഷങ്കര്‍ സംവിധാനം ചെയ്ത ‘അന്ന്യന്‍’. അതിന് ശേഷം മജാ, ഭീമ, കന്തസാമി, രാവണന്‍, രാജപാട്ടൈ, താണ്ഡവം എന്നീ സിനിമകള്‍ ബോക്സോഫീസില്‍ തകര്‍ന്നു. താണ്ഡവത്തിന് മുമ്പ് ചെയ്ത ‘ദൈവത്തിരുമകള്‍’ എന്ന സിനിമ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

അജിത്, വിജയ്, ശ്രേണിയിലായിരുന്നു മുമ്പ് വിക്രമിന്‍റെയും സ്ഥാനം. എന്നാല്‍ ആ താരങ്ങള്‍ തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയും സൂപ്പര്‍താരപദവിയില്‍ ഉലച്ചില്‍ വീഴാതെ കാക്കുകയും ചെയ്യുന്നു. വിക്രമാകട്ടെ, ഒരു വലിയ ഹിറ്റിനായി കഴിഞ്ഞ എട്ടുവര്‍ഷമായി കാത്തിരിക്കുകയാണ്.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഐ’ ആണ് ഇനി വിക്രമിന്‍റെ പ്രതീക്ഷ. ആ സിനിമ ഒരു റൊമാന്‍റിക് ത്രില്ലറാണ്. അന്ന്യന്‍ പോലെ ‘ഐ’യും തകര്‍പ്പന്‍ വിജയമായാല്‍ താരപദവിയിലേക്ക് വിക്രം മടങ്ങിയെത്തുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :