ജയറാം ‘മിനിമം ഗ്യാരണ്ടി’ തിരിച്ചുപിടിച്ചു!

WEBDUNIA|
PRO
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഞെട്ടിച്ചുകൊണ്ട് ഹിറ്റുകള്‍ വാരിക്കൂട്ടിയ ഒരു നായകനടനാണ് ജയറാം. അത് പഴയ കഥയാണ്, 1995 - 96 കാലം. പുതുക്കോട്ടയിലെ പുതുമണവാളന്‍, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുസൃതിക്കാറ്റ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, തൂവല്‍ക്കൊട്ടാരം, ദില്ലിവാലാ രാജകുമാരന്‍, അരമനവീടും അഞ്ഞൂറേക്കറും തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ആ കാലത്ത് തുടര്‍ച്ചയായി ഹിറ്റായി. ജയറാമിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു - മിനിമം ഗ്യാരണ്ടിയുള്ള നടന്‍!

ജയറാമിനെ അഭിനയിപ്പിച്ചാല്‍ പടം ഹിറ്റാകുമെന്ന വിശ്വാസം മലയാളം ഇന്‍ഡസ്ട്രിയില്‍ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഒരേ ഭാവവും ശൈലിയുമുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ച് ജയറാം തന്നെ ആ വിശ്വാസം ഇല്ലാതാക്കി. ഒടുവില്‍ താരപദവിയില്‍ നിന്ന് വന്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പതിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലൂടെ ജയറാം വന്‍ തിരിച്ചുവരവ് നടത്തി. എങ്കിലും ഇടയ്ക്കിടെ പരാജയങ്ങള്‍ ജയറാമിനെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം ജയറാം നാലു ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ അതില്‍ മൂന്നു സിനിമകളും പരാജയമായി.

എന്നാല്‍ ഈ വര്‍ഷം തന്‍റെ ‘മിനിമം ഗ്യാരണ്ടി’ തിരിച്ചുപിടിക്കുന്ന ജയറാമിനെയാണ് കാണാനാകുന്നത്. ഈ വര്‍ഷം ജയറാമിന്‍റേതായി പുറത്തുവന്ന മൂന്നു ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായി. മേക്കപ്പ്‌മാന്‍, ചൈനാ ടൌണ്‍, സീനിയേഴ്സ് എന്നീ സിനിമകള്‍ തുടര്‍ച്ചയായി വന്‍ വിജയം കണ്ടതോടെ ജയറാമിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. കുടുംബശ്രീ ട്രാവല്‍‌സ് വലിയ വിജയമായില്ലെങ്കിലും ചെലവ് വളരെ കുറഞ്ഞ ചിത്രമായതിനാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. ജയറാം അഭിനയിക്കുന്ന പുതിയ പ്രൊജക്ടുകളും പ്രതീക്ഷയുണര്‍ത്തുന്നവയാണ്.

ജയരാജ്, രഞ്ജിത്, വി എം വിനു, കെ കെ രാജീവ്, കമല്‍, ടി കെ രാജീവ് കുമാര്‍, എം പത്മകുമാര്‍, രാജ്ബാബു, ടി വി ചന്ദ്രന്‍, കിരണ്‍ എന്നിവര്‍ക്കാണ് ജയറാം ഡേറ്റ് നല്‍കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :