കഴിഞ്ഞ മാര്‍ച്ച് പത്തിന് പുലര്‍ച്ചെയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിനെ തേടി ആ ദുരന്തമെത്തിയത്. തേഞ്ഞിപ്പലത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ ജഗതി ഏപ്രില്‍ 12 വരെ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സകള്‍ക്കായി അദ്ദേഹത്തെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തലച്ചോറിനേറ്റ പരുക്കാണ് ജഗതിയുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചിരിക്കുന്നത്. വലതുവശം തളര്‍ന്നു പോയ അവസ്ഥയില്‍ ആണ് അദ്ദേഹം. ആരേയും അദ്ദേഹം തിരിച്ചറിയുന്നുമില്ല. ട്യൂബുകളിലൂടെയാണ് ഭക്ഷണം നല്‍കുന്നത്.
എന്നാല്‍ വെല്ലൂരില്‍ എത്തിയശേഷം ആരോഗ്യസ്ഥിതിയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കാല്‍ അനക്കുന്നുണ്ട്, അങ്ങനെ പതുക്കെ ബോധാവസ്ഥയിലേക്ക് തിരിച്ചുവന്ന് അദ്ദേഹം സംസാരശേഷി വീണ്ടെടുക്കും എന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. കൈകാലുകളിലെ പൊട്ടലുകള്‍ക്ക് നടത്തിയ ശസ്ത്രക്രിയകളെല്ലാം വിജയകരമായിരുന്നു. പക്ഷേ ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹം ഇനിയും ഏറെ നാള്‍ ആശുപത്രിയില്‍ തുടരേണ്ടിവരും. മാസങ്ങള്‍ നീളുന്ന ചികിത്സയിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.