കാവ്യയെ ശരിയായ രീതിയില്‍ ഉപയോഗിച്ചിട്ടില്ല: കമല്‍

WEBDUNIA|
PRO
കാവ്യാ മാധവനെ മലയാള സിനിമ ശരിയായ രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന്‍ കമല്‍. ‘ഗദ്ദാമ’യിലെ കഥാപാത്രത്തെ ഇത്രയും തന്‍‌മയത്വത്തോടെ അവതരിപ്പിക്കാന്‍ കാവ്യയ്ക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും കമല്‍ പറയുന്നു. ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യയെ കമല്‍ പ്രശംസ കൊണ്ട് മൂടുന്നത്.

“മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യാ മാധവന്‍. എന്നാല്‍ കാവ്യയെ മലയാള സിനിമ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് എന്‍റെ അഭിപ്രായം. ഗദ്ദാമയില്‍ കാവ്യയല്ലാതെ മറ്റാരെയും ചിന്തിക്കാന്‍ കഴിയില്ല. ആ കഥാപാത്രത്തെ അതിഭാവുകത്വത്തിലേക്ക് പോകാതെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കാവ്യയ്ക്ക് സാധിച്ചു” - കമല്‍ പറയുന്നു.

“കാവ്യയുടെ ഇന്നസെന്‍റായ മുഖമാണ് ഗദ്ദാമയിലേക്ക് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. എന്‍റെ കഥാപാത്രത്തിന് വേണ്ടതും ആ മുഖമാണ്. കാഴ്ചയില്‍ ‘അയ്യോ പാവം’ എന്നു തോന്നണം. കഥാപാത്രവുമായി ഇത്രയും ചേര്‍ന്നുനില്‍ക്കാന്‍ കാവ്യയ്ക്കേ കഴിയൂ. അഭിനയത്തിന്‍റെ അസാധ്യമായൊരു തലത്തിലേക്ക് പോകുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെ തന്‍‌മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാവ്യയ്ക്ക് സാധിച്ചു” - കമല്‍ പറയുന്നു.

കാവ്യയുടെ അഭിനയം കണ്ട് പലതവണ തനിക്ക് കണ്ണുനിറഞ്ഞിട്ടുണ്ടെന്നും കമല്‍ വെളിപ്പെടുത്തുന്നു. “കാവ്യയെ മുരളി ഉപേക്ഷിക്കുന്ന രംഗം അഭിനയിക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് ഏറ്റവും ഹോണ്ടിംഗായി തോന്നിയ രംഗമാണത്. ഞാനും ക്യാമറാമാന്‍ മനോജ് പിള്ളയും കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. കുറേക്കഴിഞ്ഞ് കാവ്യ അടുത്തുവന്നു ചോദിച്ചു - ‘സാര്‍ അത് അങ്ങനെ മതിയോ?’. എന്‍റെ മറുപടി കേള്‍ക്കാതായപ്പോള്‍ കാവ്യ പതുക്കെ എന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. കാവ്യയുടെ കണ്ണുകളും നിറഞ്ഞ് കലങ്ങിയിരുന്നു” - കമല്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :