കലാഭവന്‍ മണിക്കൊപ്പം ഐ എം വിജയന്‍ വീണ്ടും

WEBDUNIA|
PRO
ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരളത്തിന്റെ അഭിമാനവുമായ ഐ എം വിജയന്‍ അഥവാ അയനിവളപ്പില്‍ മണി വിജയന്‍ സിനിമയില്‍ തിരിച്ചെത്തുന്നു. കളിക്കൂട്ടുകാരനായ കലാഭവന്‍ മണി അഭിനയിക്കുന്ന ‘എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയും’ എന്ന ചിത്രത്തിലാണു വിജയന്റെ തിരിച്ചുവരവ്‌. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍‌കി ശ്രീജിത്ത്‌ പലേരി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കലാഭവന്‍ മണിയോടൊപ്പം ഒരു നാടന്‍പാട്ട്‌ പാടി വിജയന്‍ നൃത്തംചെയ്യുന്ന സീനുമുണ്ടാകും.

ഫുട്ബോള്‍ കളത്തില്‍ വിജയന്‍ നടത്തിയ അസാമാന്യ പ്രകടനങ്ങള്‍ പതിനെട്ടാം വയസില്‍ തന്നെ വിജയനെ കേരളാ പൊലീസിന്റെ ഫുട്ബോള്‍ ടീ‍മില്‍ അംഗമാക്കി. കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍, ജെസിടി മില്‍‌സ് ഫഗ്വാര, എഫ്സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളിള്‍ വിജയന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങളില്‍ വിജയന്‍ ഇറങ്ങിയിട്ടുണ്ട്. പോലിസ്‌ ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ് വിജയനിപ്പോള്‍.

വിജയന്റെ ഫുട്ബോള്‍ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരണ്‍ (കറുത്ത മാന്‍). ഇതിനുശേഷം ചലച്ചിത്രാഭിനയരംഗത്തേക്കും വിജയന് പ്രവേശിച്ചു‍. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. കലാഭവന്‍ മണിയോടൊത്ത്‌ ആകാശത്തിലെ പറവകള്‍ (2001), കിസാന്‍ (2006) എന്നീ ചിത്രങ്ങള്‍ ഉള്‍‌പ്പെടെ തമിഴിലും മലയാളത്തിലും വിജയന്‍ അഭിനയിച്ചിട്ടുണ്ട്‌. വിനോദ് വിജയന്‍ സം‌വിധാനം ചെയ്ത ക്വൊട്ടേഷന്‍ എന്ന ചിത്രത്തില്‍ വിജയന്റെ കൂടെ കൂട്ടുകാരനും മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസവുമായ സി വി പാപ്പച്ചനും അഭിനയിച്ചിരുന്നു. 2008ലാണു വിജയന്‍ അവസാനമായി അഭിനയിച്ചത്‌.

ചിത്രത്തിന് കടപ്പാട് - കൈരളി ടി വി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :