കഥകളുടെ കസ്തൂരിമാന്‍ !

രവിശങ്കരന്‍

PRO
കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ വകവരുത്തിയ ശേഷം എല്ലാം നഷ്ടപ്പെട്ട് ആയുസുമാത്രം നേടിക്കൊണ്ട് സേതുമാധവന്‍ ഉള്ളുപിളര്‍ന്ന് കരയുന്നത് മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. ഒടുവില്‍, ചെങ്കോലില്‍ ആ ആയുസും സേതുവിന് നഷ്ടപ്പെട്ടു. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് ആ രാജകുമാരന്‍ മലയാളിയുടെ ഹൃദയത്തിലാണ് മലര്‍ന്നു കിടന്നത്. അച്യുതന്‍‌നായര്‍ എന്ന കഥാപാത്രത്തിന്‍റെ ജീവനൊടുക്കലും ആരെയും നടുക്കും. മക്കള്‍ക്ക് സ്നേഹം പകര്‍ന്നുകൊടുത്ത ഒരച്ഛന്‍ ഒടുവില്‍ മകളുടെ പിമ്പായി മാറുന്നു. ആ ദയനീയാവസ്ഥയ്ക്ക് മകന്‍ സാക്ഷിയാവേണ്ടി വന്നതിന്‍റെ ഹൃദയവേദനയാല്‍ ആത്മഹത്യ ചെയ്യുകയാണ് അച്യുതന്‍‌ നായര്‍.

മഹായാനത്തില്‍ ആത്മസുഹൃത്തിന്‍റെ ജഡവുമായി ആ നാട്ടിലേക്കു വരുന്ന ചന്ദ്രു മടങ്ങിപ്പോകുന്നത് ആത്മസഖിയുടെ മൃതദേഹവുമായാണ്. മരണം അവിടെ അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥിയാണ്. ലോഹിയുടെ നായകന്‍‌മാര്‍ മരണത്തെ ഭയന്നിരുന്നു. കൊല്ലാനാണ് വരുന്നതെങ്കിലും രാജാവിന്‍റെ സ്നേഹം ഉള്ളിലേറ്റുവാങ്ങുകയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ള. ധനം എന്ന ചിത്രത്തില്‍ അമിതമായ ധനമോഹമാണ് ശിവശങ്കരന്‍ എന്ന ചെറുപ്പക്കാരനെ കുരുക്കിലാക്കുന്നത്. സ്വന്തം സുഹൃത്തിന്‍റെ മരണമാണ് അയാള്‍ക്ക് അതിന് പകരം ലഭിച്ചത്.

ഭരതത്തില്‍ ജ്യേഷ്ടന്‍റെ മരണം അനുജന്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുകയാണ്. എല്ലാവരുടെയും നന്‍‌മ മാത്രമാണ് അയാള്‍ ആഗ്രഹിച്ചത്. പക്ഷേ കല്ലൂര്‍ ഗോപിനാഥന്‍ ഏവര്‍ക്കും മുമ്പില്‍ കുറ്റവാളിയാകുന്നു. അനുജന് ആവോളം ആശീര്‍വാദം നല്‍‌കിയാണ് കല്ലൂര്‍ രാമനാഥന്‍ മരണത്തിലേക്ക് യാത്രയായത്. കനല്‍ക്കാറ്റില്‍ ഒരു യുവാവിനെ കൊല്ലേണ്ടി വന്നതിന്‍റെ കുറ്റബോധം നാരായണന്‍റെ ഉള്ളില്‍ കനലായി എരിയുകയാണ്. അയാളുടെ ഭാര്യയുടെ കാല്‍ക്കല്‍ മാപ്പിരക്കുന്നു നാരായണന്‍. മരണം നഷ്ടങ്ങള്‍ മാത്രമേ നല്‍‌കുകയുള്ളൂ എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം.

വളയത്തില്‍ അബദ്ധത്തില്‍ ഒരാളെ കൊല്ലേണ്ടി വരുന്നതിന്‍റെ കുറ്റബോധം നീറ്റുന്ന നായകനാണ് മുരളി അവതരിപ്പിക്കുന്ന ശ്രീധരന്‍. മരണപ്പെട്ടയാളിന്‍റെ കുടുംബത്തെ അയാള്‍ ഏറ്റെടുക്കുകയാണ്. കമലദളത്തില്‍ ഒരു ചെറുപ്പക്കാരന്‍റെ അസൂയയാണ് നര്‍ത്തകനായ നന്ദഗോപന്‍റെ ജീവനെടുക്കുന്നത്. വിഷം കഴിച്ച അയാള്‍ പക്ഷേ തന്‍റെ സ്വപ്നമായ ‘സീതാരാമായണം’ പൂര്‍ത്തിയാക്കിയതിന് ശേഷമേ മരണത്തിന് കീഴടങ്ങുന്നുള്ളൂ.

കൌരവരില്‍ ഗുരുതുല്യനായ ബാബയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുകയാണ് ആന്‍റണി. അയാള്‍ക്ക് അതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. മക്കളെ രക്ഷിക്കാനായി അയാള്‍ ബാബയെ കൊല്ലുന്നു. ആ ശരീരം മടിയില്‍ കിടത്തി വിമ്മിക്കരയുന്ന ആന്‍റണിയെ മലയാളത്തിന് മറക്കാനാവില്ല. തന്‍റെ ശത്രുവിന്‍റെ മക്കളില്‍ ഒരാള്‍ തന്‍റെ മകളാണെന്ന് തിരിച്ചറിയുന്ന ആന്‍റണി അവിടെ ശത്രുത മറക്കുകയാണ്. പകയ്ക്കും പ്രതികാരത്തിനും മരണത്തിനും മേലെ പുത്രിയോടുള്ള സ്നേഹം അയാളെ നന്‍‌മയുള്ള മനുഷ്യനാക്കിത്തീര്‍ക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - മരണമെന്ന കോമാളി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :