പത്‌മരാജ സ്‌മരണ - ഇന്നും ജ്വലിച്ചുനില്‍ക്കുന്ന ‘സീസണ്‍’

Padmarajan, Season, പത്‌മരാജന്‍, സീസണ്‍
സ്റ്റീവ് റോണ്‍| Last Updated: വെള്ളി, 24 ജനുവരി 2020 (16:14 IST)
സീസണ്‍. മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമായിരുന്നു പത്മരാജന്‍ ആ സിനിമയിലൂടെ പറഞ്ഞത്. മയക്കുമരുന്നുകച്ചവടവും ഒരു ബീച്ചും. അതായിരുന്നു പ്രമേയ പശ്ചാത്തലം. പക്ഷേ സിനിമ പൂര്‍ണമായും ഒരു റിവഞ്ച് ത്രില്ലറായിരുന്നു.

ജീവിതവും മരണവും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഒരു പത്മരാജന്‍ രചനയായിരുന്നു സീസണ്‍. ആ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രം സഞ്ചരിക്കാത്ത ജീവിതസമസ്യങ്ങള്‍ വിരളം. മോഹന്‍ലാല്‍ എന്ന നടന്‍റെ അസാധാരണമായ ഭാവസന്നിവേശങ്ങള്‍ക്ക് ആ സിനിമ വഴിയൊരുക്കി.

വളരെ ലളിതമായ നരേഷനായിരുന്നു ഈ ചിത്രത്തിന്‍റേത്. എന്നാല്‍ ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് ഇത്ര ലളിതമായി പത്മരാജന്‍ പറഞ്ഞുവയ്ക്കുന്നതെന്ന് ആദ്യത്തെ ചില രംഗങ്ങള്‍ കൊണ്ടുതന്നെ മനസിലാകും. പത്മരാജന് മാത്രം സാധ്യമാകുന്ന ശൈലിയില്‍ തുടങ്ങുകയും അതേ അനായാസ ശൈലി പിന്തുടര്‍ന്ന് ഒടുങ്ങുകയും ചെയ്യുകയാണ് സീസണ്‍.

“എന്‍റെ പേര് ജീവന്‍. രണ്ടുവര്‍ഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞുകാണാന്‍ സാധിക്കൂ. രണ്ടുവര്‍ഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിനില്‍ക്കുന്നത് കാണാന്‍ അനുവാദമുള്ളൂ. അതോര്‍ക്കുമ്പോള്‍ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ ഇനിയിപ്പോള്‍ സങ്കടപ്പെടുകാന്നുപറഞ്ഞാല്‍...” ഇങ്ങനെയാണ് ചിത്രം തുടങ്ങുന്നത്.

മലയാള സിനിമയ്ക്ക് അപരിചിതമായ ശൈലി ആയതുകൊണ്ടുതന്നെ ചിത്രത്തിന് പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ സീസണ്‍ നല്‍കിയ ഞെട്ടല്‍ പ്രേക്ഷകര്‍ ഇനിയും മറന്നിട്ടുണ്ടാവില്ല. വ്യത്യസ്തമായ കഥാപരിസരത്തുനിന്നുകൊണ്ട് വളരെ റോ ആയ ഒരു സിനിമ സൃഷ്ടിക്കുക എന്ന ലക്‍ഷ്യമാണ് സീസണിലൂടെ പത്മരാജന്‍ സാധ്യമാക്കിയത്.

പത്മരാജന്‍റെ സിനിമാ കരിയറിലെ ഏറ്റവും പരുക്കന്‍ ചിത്രങ്ങളിലൊന്നായിരുന്നു സീസണ്‍. ആ ചിത്രത്തില്‍ പ്രണയവും രതിയും ചതിയും ദുരന്തവും കൊലപാതകവും പ്രതികാരവുമെല്ലാമുണ്ടായിരുന്നു. കോവളം ബീച്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു അസാധാരണ ത്രില്ലര്‍.

പത്മരാജസ്മൃതിയുടെ ഈ സമയത്ത് ഓര്‍ക്കാന്‍ ഒട്ടേറെ സിനിമകളുണ്ടെങ്കിലും സീസണ്‍ അതില്‍ ഏറ്റവും അര്‍ഹം എന്നാണ് കരുതുന്നത്. കാരണം ഇതില്‍ പത്മരാജന്‍ പ്രദര്‍ശിപ്പിച്ച പരുക്കന്‍ സമീപനം അതിന് മുമ്പ് കണ്ടിട്ടുള്ളത് പത്മരാജന്‍റെ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലില്‍ മാത്രമായിരുന്നു.

“വീണ്ടും എനിക്ക് തെരുവുവിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു. ഇത്തവണ എത്ര കാലത്തേക്ക് എന്നറിയില്ല. പക്ഷേ ഒരാശ്വാസമുണ്ട്. ഇത്തവണ, എനിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഒന്നുമില്ല. ഉള്ളതുമുഴുവന്‍ തെളിവുകളാണ്. എന്‍റെ ദേഹത്തും ഷര്‍ട്ടിലും വരെ തെളിവുകള്‍” - അതിലളിതമായിത്തന്നെ അവസാനിക്കുന്ന സീസണിലൂടെ ഉജ്ജ്വലമായ ഒരു പ്രതികാരകഥയുടെ അതിനൂതനമായ ആഖ്യാനമാതൃകയാണ് സൃഷ്ടിക്കപ്പെട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :