മമ്മൂട്ടിയുടെ തല നേരെ നിന്നില്ല, പടം ക്ലാസ് ഹിറ്റ് !

മമ്മൂട്ടി, ഭൂതക്കണ്ണാടി, വിദ്യാധരൻ, ലോഹിതദാസ്, Mammootty, Bhoothakkannadi, Lohithadas, Vidyadharan
സേതുറാം രാഘവൻ| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (15:39 IST)
ഒരു കഥാപാത്രം ലഭിച്ചാല്‍ മമ്മൂട്ടി അയാളെക്കുറിച്ച് പരമാവധി പഠിക്കാന്‍ ശ്രമിക്കും. ആ കഥാപാത്രത്തിന്‍റെ മുപ്പതിന് മുകളില്‍ നില്‍ക്കുന്ന ഒരു പ്രായത്തിലായിരിക്കും താന്‍ അഭിനയിക്കേണ്ടത് എന്ന് മമ്മൂട്ടിക്ക് അറിയാം. അതുവരെ ആ കഥാപാത്രം എന്തു ചെയ്യുകയായിരുന്നു, ഏതൊക്കെ ജീവിതാവസ്ഥകളിലൂടെ അയാള്‍ കടന്നുപോയിട്ടുണ്ട് എന്നൊക്കെ ആലോചിക്കും. മികച്ച തിരക്കഥാകൃത്തുക്കള്‍ക്ക് വളരെ വിശദമായി കഥാപാത്രങ്ങളുടെ സ്വഭാവം, പഴയകാല ജീവിതം, ജനിച്ച പശ്ചാത്തലം ഇതൊക്കെ വ്യക്തമായി പറയാനാകും. എം ടിയും ലോഹിതദാസുമൊക്കെ അങ്ങനെയുള്ളവരാണ്.

ഇപ്പോള്‍ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ വിദ്യാധരന്‍റെ കാര്യമെടുക്കൂ. അയാള്‍ ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളെ നേരിടേണ്ടി വന്ന ആളാണ്. സ്വന്തം ഭാര്യയുടെ മരണം അയാളുടെ മനസിനെ ഉലച്ചിട്ടുണ്ട്. താന്‍ ദ്രോഹിച്ച ഒരു പാമ്പാണ് ഭാര്യയുടെ ജീവനെടുത്തതെന്ന് അയാള്‍ വിശ്വസിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ അയാളൊരു സ്‌കീസോഫ്രീനിക് ആണ്. എന്നാല്‍ മനസിന്‍റെ താളം തെറ്റിയ ആ അവസ്ഥ ക്ലൈമാക്‍സിനോട് അടുക്കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ പ്രകടമാകുന്നത്.

അതുവരെയും അയാളില്‍ അസുഖം നിലനില്‍ക്കുന്നുണ്ട്. പക്ഷേ വളരെ പ്രകടമായി അത് പുറത്തുവരുന്നില്ല. പക്ഷേ സൂക്ഷ്മമായി ഭൂതക്കണ്ണാടി നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. വിദ്യാധരന്‍റെ തല നേരെ നില്‍ക്കുന്നില്ല. അതിനൊരു ആട്ടമുണ്ട്. മനസിന്‍റെ നിലതെറ്റല്‍ അയാളുടെ മുഖചലനത്തെയും ബാധിക്കുന്നുണ്ട്. മമ്മൂട്ടി അത് അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തരം സൂക്ഷ്മമായ ഭാവവ്യതിയാനങ്ങള്‍ അവതരിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട് മമ്മൂട്ടി. വലം‌കൈയനായ മമ്മൂട്ടി ‘ഒരു അഭിഭാഷകന്‍റെ കേസ് ഡയറി’ എന്ന ചിത്രത്തില്‍ ഇടം കൈയനായാണ് അഭിനയിക്കുന്നത്. അയാള്‍ ഇടം‌കൈകൊണ്ട് എഴുതുന്ന സീനുകള്‍ സിനിമയിലുണ്ട്. അത് അത്ര എളുപ്പം സാധിക്കാവുന്ന കാര്യമല്ലെന്ന് അറിയാമല്ലോ. കഥാപാത്രങ്ങളുടെ മനസില്‍ കയറി ജീവിതം ആരംഭിച്ചാല്‍ മാത്രമേ ഇത്രയും മൈന്യൂട്ടായുള്ള സ്വഭാവസവിശേഷതകള്‍ അഭിനയത്തില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ വെറും താരം മാത്രമല്ലാതെ മഹാനടന്‍ കൂടിയാകുന്നത് ഇത്രയും ഡീപ് ആയി കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :