സംവിധായകന് സിദ്ദിഖ് ഭാഗ്യവാനാണ്. ഒരു സിനിമ, അത് എല്ലാ ഭാഷകളിലെയും ഏറ്റവും പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി റീമേക്ക് ചെയ്യാനുള്ള അവസരമാണ് സിദ്ദിഖിന് ലഭിച്ചിരിക്കുന്നത്. ദിലീപിനെയും നയന്‍താരയെയും ജോഡിയാക്കി മലയാളത്തില്‍ ബോഡിഗാര്‍ഡ് ചെയ്ത സിദ്ദിഖ് ആ സിനിമ കാവലന് എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വിജയ് - അസിന് ജോഡിയെ അവതരിപ്പിച്ചു. ഹിന്ദി ബോഡിഗാര്‍ഡില്‍ സല്മാന് ഖാനും കരീനാ കപൂറുമാണ് താരങ്ങള്‍. തെലുങ്കില്‍ എത്തുമ്പോഴാകട്ടെ വെങ്കിടേഷും അനുഷ്കയുമാണ് ജോഡി.
മലയാളത്തിലും തമിഴിലും ഹിറ്റായി മാറിയ ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒന്നാം ഷെഡ്യൂള്‍ ഏകദേശം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തെലുങ്ക് റീമേക്ക് ചിത്രീകരണം ഏപ്രില്‍ നാലിന് ആരംഭിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. വെങ്കിടേഷും അനുഷ്കയും ഇത് മൂന്നാം തവണയാണ് ഒരുമിച്ച് അഭിനയിക്കുന്നത്.
“എന്റെ ലൈഫിലെ ടേണിംഗ് പോയിന്റാണ് ബോഡി ഗാര്‍ഡ്. സത്യത്തില്‍ ഈ സിനിമ എനിക്ക് ഒരുപാട് പാഠങ്ങള്‍ നല്കി. പലരും നമ്മളോട് കാണിക്കുന്ന സ്നേഹവും ബഹുമാനവുമൊന്നും സത്യസന്ധമല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഞാന്‍ ഇനി ഇത്ര സോഫ്റ്റാകാന്‍ പാടില്ല എന്ന് എന്നെ പഠിപ്പിച്ചത് ബോഡിഗാര്‍ഡാണ്. മലയാളത്തില്‍ തുടങ്ങിയ ഈ സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് മറ്റ് ഭാഷകളില്‍ എത്തിയപ്പോഴാണ്” - സിദ്ദിഖ് പറയുന്നു.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ് തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. എന്നാല്‍ സിദ്ദിഖിന്റെ അഭിപ്രായത്തില്‍ ഇളയദളപതി വിജയിനെപ്പോലെ വേറെ ഒരു സൂപ്പര്‍താരമില്ല. “ഒരു വലിയ താരത്തിന്റെ ജാഡയോ ഉപജാപക വൃന്ദമോ ഒന്നും വിജയ്ക്കില്ല. എപ്പോഴും പ്രേക്ഷകര്‍ക്കൊപ്പം നില്ക്കാന് ആഗ്രഹിക്കുന്ന, ആരാധകര്‍ക്കൊപ്പം നില്ക്കാന് ആഗ്രഹിക്കുന്ന നടനാണ്. ഭയങ്കര ടൈമിംഗ് ഉള്ള നടനാണ്. നമ്മള് ഒരു കാര്യം പറയുമ്പോള്‍ ശ്രദ്ധയോടെ കേട്ടിരിക്കുകയും വലിയ റിസള്‍ട്ട് തരികയും ചെയ്യും. വിജയിന്റെ ജീവിതം മുഴുവന്‍ സിനിമയോടാണ് കടപ്പെട്ടിരിക്കുന്നത്. ഇതുപോലൊരു സൂപ്പര്‍താരത്തെ ഞാന്‍ കണ്ടിട്ടില്ല.” - സിദ്ദിഖ് പറയുന്നു.