ടി.കെ. ബാലചന്ദ്രന്‍ - ബഹുമുഖ പ്രതിഭ

WEBDUNIA|
ടി.കെ. ബാലചന്ദ്രന്‍ - മലയാള സിനിമയ്ക്ക് ജീവിതം കൊണ്ട് സമഗ്ര സംഭാവന നല്‍കിയ അതുല്യമായ വ്യക്തിത്വം. നടന്‍, നിര്‍മ്മാതാവ്, കഥാകൃത്ത്, നര്‍ത്തകന്‍, സിനിമാ സംഘടനയുടെ നേതാവ് എന്നിങ്ങനെ പല നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാള സിനിമയിലെ ആദ്യത്തെ ഇരട്ട വേഷം (ഡിബിള്‍ റോള്‍) ബാലചന്ദ്രന്‍റേതായിരുന്നു.

അറുപതുകളിലെ നിത്യഹരിത നായകന്മാരിലൊരാളായിരുന്ന ടി.കെയ്ക്ക് 2004ല്‍ 80 വയസായി. സിനിമയുടെ തിളക്കമുള്ള ലോകത്ത് ജീവിച്ചെങ്കിലും ബാലചന്ദ്രന്‍റേത് ലളിത ജീവിതമായിരുന്നു. മദ്യവും പുകവലയുമില്ലാത്ത സരള ജീവിതം. 400ല്‍ എറെ സിനിമകളില്‍ ബാലചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

വാര്‍ധക്യത്തില്‍ പക്ഷെ ബാലചന്ദ്രന്‍ തളര്‍ന്നു പോയി. രോഗപീഢകളും സാമ്പത്തിക ഞെരുക്കവും വല്ലാതെ അലട്ടുന്നു. ജവഹര്‍നഗറിലെ വാടകവീട്ടില്‍ രോഗിയായി കഴിയേണ്ടി വന്നു സിനിമയ്ക്ക് സമഗ്ര സംഭാവന നല്‍കിയ ഈ പ്രതിഭക്ക്.അതിനൊടുവുഇലാണ് മരണം കടന്നു വന്നത്.ഇതിനിടെ ഒരു മകന്‍റെ ദുരൂഹമരണം അദ്ദേഹത്തെ തളര്‍ത്തി..

തിരുവനന്തപുരത്തെ വഞ്ചിയൂരില്‍ പി.കെ. കുഞ്ഞന്‍പിള്ളയുടെയും കെ. പാറുക്കുട്ടിയമ്മയുടെയും മകനായി 1924ലാണ് ടി.കെ. ബാലചന്ദ്രന്‍ ജനിച്ചത്. സിനിമാ നടന്‍ വഞ്ചിയൂര്‍ മാധവന്‍ നായര്‍ മൂത്ത സഹോദരനാണ്.

ബാലനടനായായിരുന്നു ബാലചന്ദ്രന്‍റെ തുടക്കം. പതിമൂന്നാം വയസില്‍ പ്രഹ്ളാദന്‍ എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. ഗുരുഗോപിനാഥ്, തങ്കമണി, ലക്സ്മി എന്നിവരായിരുന്നു ആ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നര്‍ത്തകി പത്മാസുബ്രഹ്മണ്യത്തിന്‍റെ അച്ഛന്‍ കെ.സുബ്രഹ്മണ്യമായിരുന്നു ഈ പടത്തിന്‍റെ നിര്‍മ്മാതാവ്.

പിന്നീട് നാടകത്തിലേക്കാണ് എത്തപ്പെട്ടത്. പ്രധാനമായും സ്ത്രീവേഷങ്ങളാണ് ചെയ്തത്. നവാബ് രാജമാണിക്യത്തന്‍റെ തമിഴ് നാടകക്കമ്പനിയില്‍ മൂന്ന് കൊല്ലം ജോലി ചെയ്തു. പതിനഞ്ചിലേറെ നാടകങ്ങളിലഭിനയിച്ചു.

തമിഴ് സിനിമയായ ജാതകത്തില്‍ അഭിനയിച്ച് ടി.കെ. സിനിമാരംഗത്തേയ്ക്ക് തിരിച്ച് വന്ന് നായകനായി. സൂര്യകലയായിരുന്നു നായിക. ഇത് വന്‍വിജയമായതോടെ കന്നടയില്‍ റീമേക്ക് ചെയ്തു. അപ്പോഴും ടി.കെയായിരുന്നു നായകന്‍.

പിന്നീട് പി. സുബ്രഹ്മണ്യത്തിന്‍റെ മെരിലാന്‍റിന്‍റെ അനിയത്തിയിലൂടെ മലയാളത്തിലെത്തി. അവരുടെ പൂത്താലിയില്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യത്തെ ഡബിള്‍ റോള്‍ അതായിരുന്നു. മിസ് കുമാരിയും ശാന്തിയുമായിരുന്നു ഇതിലെ നായികമാര്‍.

സ്നേഹദീപം എന്ന സിനിമയില്‍ ബാലചന്ദ്രന്‍ നായകനായി. അതില്‍ മിസ് കുമാരി ചേച്ചിയും ശാന്തി കാമുകിയുമായിരുന്നു. ചന്ദ്രമാമനും അനന്തരവളും തമ്മിലുള്ള സ്നേഹവാത്സല്യങ്ങളുടെ അനര്‍ഘ നിമിഷങ്ങളുള്ള ഈ സിനിമയില്‍ ബേബി വിനോദിനിയായിരുന്നു അനന്തിരവളായി അഭിനിയിച്ചത്. തിക്കുറിശി, കൊട്ടാരക്കര, അംബിക, പങ്കജവല്ലി തുടങ്ങിയവരും ഈ സിനിമയിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :