‘ഇടവപ്പാതി’യില്‍ ജഗതിക്ക് പകരം പുതിയ താരം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജഗതി ശ്രീകുമാര്‍ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായതിനെ തുടര്‍ന്ന്‌ പകുതിവഴിക്ക്‌ ചിത്രീകരണം നിര്‍ത്തിവച്ച ഇടവപ്പാതി എന്ന സിനിമ, പുതിയ താരത്തെ വച്ച് പൂര്‍ത്തിയാകുമെന്ന് സം‌വിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ലെനിന്‍ രാജേന്ദ്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“രണ്ട് കഥാപാത്രങ്ങളെയാണ് ഇടവപ്പാതിയില്‍ ജഗതി അവതരിപ്പിക്കേണ്ടിയിരുന്നത്. ആദ്യത്തെ കഥാപാത്രം കുടകിലെ കുശാല്‍ നഗറിനടുത്ത്‌ ബെയിലാകുപ്പയിലെ എസ്റ്റേറ്റ്‌ ഉടമയാണ്‌. രണ്ടാമത്തേത്‌ കുമാരനാശാന്റെ കരുണയില്‍ വാസവദത്തയാല്‍ കൊല ചെയ്യപ്പെടുന്ന കച്ചവടക്കാരന്റേതാണ്‌.”

“ചെറിയ ബജറ്റില്‍ ഒരുക്കുന്ന സിനിമയാണിത്. സിനിമയ്ക്കായി ഇതിനകം 50 ലക്ഷം രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച്‌ ജഗതിയുടെ ചികിത്സ ഇനിയും നീളും. അതിനാല്‍ പുതിയ നടനെവച്ച്‌ സിനിമ പൂര്‍ത്തിയാക്കുകയാണ്‌ എന്റെ മുന്നിലുള്ള പോംവഴി. ജഗതി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്”

“അനായാസം ഭാവം മാറാന്‍ കഴിവുള്ള നടനാണ്‌ ജഗതി. ഈ സിനിമയോടുള്ള താല്‍പര്യം കാരണം മറ്റൊരു ചിത്രത്തിലെ കരാര്‍ റദ്ദാക്കിയാണ്‌ അദ്ദേഹം ഷൂട്ടിംഗിനെത്തിയതെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. സിനിമയുടെ ബാക്കി ഭാഗം കാഡ്മണ്ടുവില്‍ അടുത്തയാഴ്ച ചിത്രീകരണം ആരംഭിക്കും” - വിതുമ്പലോടെ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

എസ്റ്റേറ്റ്‌ ഉടമയുടെ മകളായും വാസവദത്തയായും വേഷമിടുന്നത്‌ ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരയാണ്‌. യോദ്ധയിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിച്ച നേപ്പാള്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് ലാമയാണ് ഉപഗുപ്തനെ അവതരിപ്പിക്കുന്നത്‌. മടിക്കേരിയിലെ തിബറ്റന്‍ കോളനി, കാഠ്മണ്ഡു, പൊക്കാറ, ലാസ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍ .

പൂര്‍ണിമ ഇമേജ് മേക്കേഴ്സിന്റെ ബാനറില്‍ ഷിജു സുദേവനാണ് ഇടവപ്പാതി നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു അമ്പാട്ട്. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഈ ചിത്രം പുറത്തിറങ്ങും. ഇംഗ്ലീഷ് പതിപ്പിന് ‘നോ മാന്‍സ് ലാന്റ്’ (No Man's Land) എന്നാണ് പേരിട്ടിരിക്കുന്നത്.

ഇടവപ്പാതിക്ക് പുറമേ ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസില്‍ നിന്നും ജഗതിയെ മാറ്റിയിട്ടുണ്ട്. ഡയമണ്ട് നെക്ലേസിന്റെ ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങള്‍ മാറ്റി ചിത്രീകരിക്കാനാണ് തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :