ലാലിസം വീണ്ടും വരും, മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നറിയില്ല; രതീഷ് വേഗ വ്യക്തമാക്കുന്നു

ലാലിസം, മോഹന്‍ലാല്‍, രതീഷ് വേഗ, മമ്മൂട്ടി, യാക്കൂബ് മേമന്‍
Last Modified ബുധന്‍, 29 ജൂലൈ 2015 (16:09 IST)
താന്‍ ഒരു കലാകാരനായി ജീവിക്കുന്നുണ്ടെങ്കില്‍ ലാലിസം എന്ന ആശയം വീണ്ടും ഒരു സ്റ്റേജില്‍ കൊണ്ടുവരുമെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. അതില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്‍റെ കാര്യമാണെന്നും താന്‍ ഉണ്ടാക്കിയ ഈ ആശയം നല്ല രീതിയില്‍ ലോകത്തിനുമുന്നില്‍ പ്രസന്‍റ് ചെയ്യേണ്ടത് മോഹന്‍ലാലിനോടുള്ള കടമയാണെന്നും വ്യക്തമാക്കുന്നു. സൌത്ത് ലൈവിനുവേണ്ടി മനീഷ് നാരായണന് അനുവദിച്ച അഭിമുഖത്തിലാണ് രതീഷ് വേഗ മനസ്സുതുറക്കുന്നത്.
 
മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ എന്‍റെ മനസിലുണ്ടാക്കിയ ഇമോഷന്‍‌സിന്‍റെ ഭാഗമായിരുന്നു ലാലിസം. അദ്ദേഹത്തിന്‍റെ 35 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിലൂടെയുള്ള ഒരു ട്രാവലോഗായിരുന്നു ലാലിസം. നാഷണല്‍ ഗെയിംസില്‍ പക്ഷേ അതല്ല അവതരിപ്പിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് അത് ഉയര്‍ന്നില്ല എന്നതാണ് സത്യം. അതേക്കുറിച്ച് മറ്റൊന്നും പറയാനില്ല. എനിക്കു പറ്റിയ പിഴവാണ് അതെങ്കില്‍, അത് അങ്ങനെ തന്നെയിരുന്നോട്ടെ. ഞാന്‍ ഉണ്ടാക്കിയ ആശയമല്ല അവിടെ പ്രസന്‍റ് ചെയ്തത്. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ പ്രസന്‍റ് ചെയ്യാനും കഴിഞ്ഞിട്ടില്ല. ഞാന്‍ ഉദ്ദേശിച്ച രീതിയിലുള്ള പ്രതികരണമല്ല ലഭിച്ചതും. ഇതിന്‍റെ പേരില്‍ ആരെയെങ്കിലും എന്തെങ്കിലും പറയാന്‍ ഞാന്‍ തയ്യാറല്ല - രതീഷ് വേഗ പറയുന്നു. 
 
എന്‍റെ ഒന്നരവര്‍ഷത്തെ പരിശ്രമത്തെയാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. അതിന്‍റെ വേദനയുണ്ട്. ഒന്നരവര്‍ഷത്തെ പരിശ്രമത്തില്‍ നമ്മുടെ ഒരുപാട് സ്വപ്നങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരാശയമാണത്. ആ ആശയം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു വേദന തന്നെയാണ്. ഞാനും എന്‍റെ കൂടെയുണ്ടായിരുന്ന ടീമും അവരുടെ ജോലിയും ജീവിതവും എല്ലാം വിട്ടിട്ടാണ് ഇതിനുവേണ്ടി സമയം മാറ്റിവച്ചത്. ആ പരിപാടി മോശമാകുന്ന രീതിയിലുള്ള ഒരു നടപടിയും അതുകൊണ്ടുതന്നെ ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ ലാലിസത്തിന് എന്താണ് സംഭവിച്ചത് എന്നുചോദിച്ചാല്‍, അതേപ്പറ്റി എനിക്കൊന്നും പറയാനില്ല. കാലം തെളിയിക്കേണ്ട ഒരു കാര്യമാണത്. എനിക്കിനിയും കലാരംഗത്ത് നിലനില്‍ക്കേണ്ടതാണ്. തുടര്‍ന്നങ്ങോട്ടുള്ള ജീവിതമുണ്ട്. എനിക്കാകെയുള്ള വിഷമം, ലാല്‍ സാര്‍ ഈ പരിപാടിയില്‍ പുലര്‍ത്തിയിരുന്ന പ്രതീക്ഷകളെ ശ്രദ്ധാപൂര്‍വം അത് ചെയ്തുകൊടുക്കാന്‍ പറ്റിയില്ലല്ലോ എന്നതാണ്. എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ എന്‍റെ കണ്‍‌ട്രോളില്‍ നിന്നുപോയി എന്ന ദുഃഖമാണുള്ളത് - രതീഷ് വേഗ വ്യക്തമാക്കുന്നു. 
 
ഞാന്‍ പിന്നീടൊരിക്കലും ലാലിസത്തേക്കുറിച്ച് ലാല്‍ സാറിനോട് സംസാരിച്ചിട്ടില്ല. ലാല്‍ സാര്‍ എന്നെ പലവട്ടം വിളിച്ചിരുന്നു. സാരമില്ല എന്നുപറഞ്ഞു. ഒരുകാര്യം ശരിയാണ്, അത്തരം ഒരു വലിയ ഷോയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കുള്ള സമയം ആ വേദിയില്‍ ലഭിച്ചില്ല. ലാലിസത്തിന്‍റെ ഏഴു ദിവസത്തെ റിഹേഴ്സലിന് ലാല്‍ സാറുണ്ടായിരുന്നു. ആ റിഹേഴ്സല്‍ കണ്ടവര്‍ അഭിപ്രായപ്പെട്ടത്, ഷോ കഴിയുമ്പോള്‍ ഇതിന്‍റെ സംഗീത സംവിധായകനെ കാഴ്ചക്കാര്‍ എടുത്തുപൊക്കുന്ന അനുഭവം ഉണ്ടാകും എന്നാണ്. എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നു എങ്കില്‍ അത് റിഹേഴ്സല്‍ പങ്കെടുക്കുമ്പോള്‍ തന്നെ ലാല്‍ സാറിനും കണ്ടുനില്‍ക്കുന്നവര്‍ക്കുമൊക്കെ മനസിലാകേണ്ടതാണ്. എന്തായാലും, സ്റ്റേജില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു - അഭിമുഖത്തില്‍ രതീഷ് വേഗ പറയുന്നു. 
 
ലാലിസം എന്നുപറയുന്നത് ഇന്ന് എന്‍റെ ജീവശ്വാസത്തിലുള്ള ഒരു കാര്യമാണ്. ലാലിസം എന്ന പേര് ഇനിയൊരു സ്റ്റേജിലും മിണ്ടാനാകില്ല എന്നുപറഞ്ഞ വ്യക്തികളുണ്ട്. ‘ലവ് ആന്‍റ് ലിവ് ഇന്‍ ദി സ്റ്റൈല്‍ ഓഫ് മോഹന്‍ലാല്‍’ എന്നാണ് ലാലിസത്തിന്‍റെ അര്‍ത്ഥം. ഞാന്‍ ഒരു കലാകാരനായി ജീവിക്കുന്നുണ്ടെങ്കില്‍ ലാലിസം എന്ന ആശയം ഞാന്‍ ഒരു സ്റ്റേജില്‍ കൊണ്ടുവരും. അതില്‍ ലാല്‍ സാര്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് ലാല്‍ സാറിന്‍റെ കാര്യം. ഞാന്‍ ഉണ്ടാക്കിയ ഈ ആശയം നല്ല രീതിയില്‍ ലോകത്തിനുമുന്നില്‍ പ്രസന്‍റ് ചെയ്യേണ്ടത് ലാല്‍ സാറിനോടുള്ള എന്‍റെ കടമയാണ്. ‘ലാലിസം’ എന്ന പരിപാടിക്ക് ഞാന്‍ ആദ്യം ഇട്ട പേര് ‘എ മ്യൂസിക്കല്‍ ജേര്‍ണി വിത്ത് മോഹന്‍ലാല്‍’ എന്നാണ്. എന്‍റെ മനസില്‍ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ ഉണ്ടാക്കിയ ഇമോഷന്‍സില്‍ നിന്നാണ് ആ ആശയം ഉണ്ടായത്. അത് ഇനിയും സംഭവിക്കും. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതാകണം. ഇനിയെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്‍ഷ്യം ഈ പരിപാടി നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യുക തന്നെയാണ് - മനീഷ് നാരായണന് അനുവദിച്ച അഭിമുഖത്തില്‍ രതീഷ് വേഗ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :