Last Modified ശനി, 25 ജൂലൈ 2015 (17:16 IST)
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ട് വീണ്ടും വരികയാണ്. മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും. പ്രിയദര്‍ശന്‍ തന്നെ രചന നിര്‍വഹിക്കുന്ന സിനിമയ്ക്ക് ‘അമ്മു ടു അമ്മു’ എന്നാണ് പേരിട്ടിരിക്കുന്നത്.
പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളെല്ലാം ഈ സിനിമയിലുണ്ടാകും. മറ്റൊരു കിലുക്കമാണ് പ്രിയദര്‍ശനും മോഹന്‍ലാലും ലക്‍ഷ്യമിടുന്നത്.
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്‍മാരാക്കി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പ്രിയദര്‍ശന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, ഒരു മികച്ച എന്‍റര്‍ടെയ്നറിനുള്ള കഥ റെഡിയായപ്പോള്‍ അത് ആദ്യം ചെയ്യാമെന്ന് പ്രിയന്‍ തീരുമാനിക്കുകയായിരുന്നു.
1997ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’യാണ് മലയാളത്തില്‍ പ്രിയദര്‍ശന്‍ ഒടുവില്‍ സൃഷ്ടിച്ച മെഗാഹിറ്റ്. അതിനുശേഷം അദ്ദേഹത്തിന്‍റേതായി മലയാളത്തില്‍ ഇറങ്ങിയ മേഘം, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം, വെട്ടം, അറബീം ഒട്ടകോം പി മാധവന്‍നായരും, ഗീതാഞ്ജലി, ആമയും മുയലും എന്നീ ചിത്രങ്ങള്‍ ശരാശരി വിജയം മാത്രമാണ് നേടിയത്. ഇതിനിടയില്‍ ഹിന്ദിയില്‍ ഒട്ടേറെ വന്‍ ഹിറ്റുകള്‍ പ്രിയദര്‍ശന്‍ നല്‍കിയിരുന്നു.
‘അമ്മു ടു അമ്മു’വിന് മുമ്പ് പ്രകാശ്‌രാജിനെ നായകനാക്കി ഒരു തമിഴ് ചിത്രം ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ പ്രിയദര്‍ശന്‍.