Last Modified വെള്ളി, 24 ജൂലൈ 2015 (16:14 IST)
തമിഴിലെ യുവ സൂപ്പര്‍താരം ധനുഷ് ഒന്നാന്തരം നടനാണെന്ന് ആര്‍ക്കാണ് സംശയം? മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടന്‍. അദ്ദേഹത്തിന്‍റെ ഭാര്യാപിതാവ് സാക്ഷാല്‍ രജനികാന്തിനുപോലും ദേശീയ തലത്തില്‍ ഒരു നല്ലനടന്‍ കിട്ടിയിട്ടില്ല എന്നോര്‍ക്കണം. ‘കൊലവെറി’പ്പാട്ടിലൂടെ അന്താരാഷ്ട്ര തലത്തില്‍ പോലും തരംഗമായ ധനുഷ് ‘രാഞ്ജന’ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി.
ആനന്ദ് എല്‍ റായി ആണ് ‘രാഞ്ജന’യുടെ സംവിധായകന്‍. രാഞ്ജന വന്‍ ഹിറ്റായതോടെ ആനന്ദ് എല്‍ റായി ‘രാഞ്ജന 2’ ധനുഷിനെ വച്ച് പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. രാഞ്ജനയ്ക്ക് ശേഷം ആനന്ദ് സംവിധാനം ചെയ്ത ‘തനു വെഡ്സ് മനു റിട്ടേണ്‍സ്’ വന്‍ ഹിറ്റായി മാറിയല്ലോ. മാധവനും കങ്കണ റനൌത്തും ജോഡിയായ ആ സിനിമയില്‍ ധനുഷ് അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു.
വെറും ഏഴുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള കാമിയോ റോള്‍ ആയിരുന്നു ധനുഷ് ചെയ്തത്. എന്നാല്‍ ചിത്രം എഡിറ്റ് ചെയ്യുമ്പോള്‍ ധനുഷ് അഭിനയിച്ച രംഗങ്ങള്‍ ആനന്ദ് എല്‍ റായി വെട്ടിക്കളഞ്ഞു. വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാന്‍ ധനുഷിന്‍റെ അതിഥിവേഷത്തിന് കഴിയാതിരുന്നതാണ് ആ ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കാരണമായതത്രേ.
എന്നാല്‍ താന്‍ അഭിനയിച്ച ഭാഗങ്ങള്‍ റിമൂവ് ചെയ്തത് അറിയാതെ ധനുഷ് ‘തനു വെഡ്സ് മനു റിട്ടേണ്‍സ്’ തന്നാലാവും വിധം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ പ്രൊമോട്ട് ചെയ്യുകയും ചെയ്തു. പിന്നീടാണ് മനസിലാക്കിയത് താന്‍ അഭിനയിച്ച രംഗങ്ങളൊന്നും സിനിമയിലില്ല എന്ന്. എന്തായാലും ഇതോടെ ധനുഷും ആനന്ദ് എല്‍ റായിയും തമ്മിലുള്ള സൌഹൃദം ഇല്ലാതായിരിക്കുകയാണ്.
തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയില്‍ വെറും ഏഴുമിനിറ്റ് രംഗത്തിനുവേണ്ടി ആനന്ദ് എല്‍ റായി നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് ധനുഷ് ഡല്‍ഹിയില്‍ പോയി അഭിനയിച്ചതെന്നും എന്നാല്‍ അത് നിഷ്കരുണം വെട്ടിക്കളഞ്ഞതില്‍ ധനുഷ് കോപാകുലനാണെന്നുമാണ് ‘മാരി’ താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്തായാലും ഇതോടെ ‘രാഞ്ജന 2’ അനിശ്ചിതാവസ്ഥയിലായി.