Last Updated:
തിങ്കള്‍, 27 ഫെബ്രുവരി 2017 (15:37 IST)
വോയ്സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല. സംഭാഷണത്തില്‍ കൃത്യമായ വികാരനിയന്ത്രണങ്ങള്‍ വിജയകരമായി നടപ്പാക്കിയതാണ് മമ്മൂട്ടിയെ എതിരാളികളില്ലാത്ത നടനായി വളര്‍ത്തിയത്. താന്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രം മുതലാണ് മമ്മൂട്ടി വോയിസ് മോഡുലേഷനില്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് സംവിധായകന്‍ ഫാസില്‍.
“മമ്മൂട്ടി വോയ്സ് മോഡുലേഷന്‍റെ കാര്യം ശ്രദ്ധിച്ചുതുടങ്ങിയത് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ മുതലാണ്. ഒരുദിവസം എറണാകുളം ബി ടി എച്ചില്‍ പോയപ്പോള്‍ അവിടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഉണ്ട്. അവര്‍ തലേദിവസമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടത്. എന്നെ കണ്ടയുടനെ പറഞ്ഞു - ‘ഞങ്ങള്‍ മോഹന്‍ലാലിന്‍റെയടുത്ത് പറയാനിരിക്കുകയായിരുന്നു, അതിലെ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ അപാരമാണ്. അതൊന്ന് കേട്ടുനോക്കാന്‍’. പിന്നീട് മോഹന്‍ലാല്‍ ആ പടം കാണുകയും ലാലിന്‍റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടാകുകയും ചെയ്തു”- ഫാസില്‍ പറയുന്നു.
“ഞാന്‍ പിന്നീട് തുടര്‍ച്ചയായി നാല് മമ്മൂട്ടിച്ചിത്രങ്ങള്‍ ചെയ്തു. അതിനുശേഷമാണ് ലാലിനെ വച്ച് മണിച്ചിത്രത്താഴ് എടുക്കുന്നത്. മണിച്ചിത്രത്താഴ് കണ്ടശേഷം മമ്മൂട്ടി എന്നെ വിളിച്ചുപറഞ്ഞു, ‘അങ്ങേര് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്’ എന്ന്” - ഒരു അഭിമുഖത്തില്‍ ഫാസില്‍ വെളിപ്പെടുത്തി.