2008ലാണ് ‘പകല്‍ നക്ഷത്രങ്ങള്‍’ എന്ന സിനിമ പുറത്തിറങ്ങുന്നത്. രാജീവ് നാഥ് സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ആ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു.
സിദ്ദാര്‍ത്ഥന്‍ എന്ന ചലച്ചിത്രസംവിധായകന്റെ മരണത്തിന് പിന്നിലെ രഹസ്യം അന്വേഷിച്ച് എഴുത്തുകാരനായ മകന്‍ നടത്തുന്ന യാത്രയായിരുന്നു പകല്‍ നക്ഷത്രങ്ങളുടെ പ്രമേയം. ആ സിനിമ തനിക്ക് വലിയ പാഠമായിരുന്നു എന്ന് പലപ്പോഴും അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. ആ സിനിമ തനിക്ക് ഏറെ തിരിച്ചറിവുകള്‍ പകര്‍ന്നു എന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്.
എന്നാല്‍ പകല്‍ നക്ഷത്രങ്ങള്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചാലോ? അങ്ങനെ ഒരാലോചന അനൂപ് മേനോനുണ്ട്.
“പകല്‍ നക്ഷത്രങ്ങള്‍ എനിക്ക് നല്ല പാഠമായിരുന്നു. ആ സിനിമയെ ഞാന്‍ സമീപിച്ച രീതി വേറെയായിരുന്നു. സംഭാഷണങ്ങളൊക്കെ സാഹിത്യരൂപത്തിലായിരുന്നു. പകല്‍ നക്ഷത്രങ്ങള്‍ ഇന്ന് ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ കണ്ടതുപോലെയാവില്ല അവതരിപ്പിക്കുക. പകല്‍ നക്ഷത്രങ്ങള്‍ ഞാന്‍ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. മോഹന്‍ലാലിനൊപ്പം ചെയ്യണമെന്നാണ് ആഗ്രഹം” - ഒരു അഭിമുഖത്തില്‍ അനൂപ് മേനോന്‍ വ്യക്തമാക്കി.
കൂടുതല്‍ കൊമേഴ്‌സ്യലൈസ് ചെയ്ത ഒരു ‘പകല്‍ നക്ഷത്രങ്ങള്‍’ ആണ് അനൂപിന്റെ മനസിലുള്ളത് എന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ ഈ ആഗ്രഹം സഫലമാകുകയാണെങ്കില്‍ മോഹന്‍ലാല്‍ അതോടൊപ്പം സഹകരിക്കുമോ എന്നതാണ് ചോദ്യം. നമുക്ക് കാത്തിരിക്കാം.