ദുഃഖം ഘനീഭവിച്ച ഒരോര്‍മ്മ

ബിജു ഗോപിനാഥന്‍

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഓണത്തെക്കുറിച്ച് തിലകന്‍ മലയാളം വെബ്‌ദുനിയയ്ക്ക് അനുവദിച്ച അഭിമുഖം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ജീവിതം ഒരു അപാരസാഗരമാണ്‌. തിരമാലകള്‍ ആഞ്ഞടിക്കും, പാടും, തേങ്ങിക്കരയും. തീരത്ത്‌ ഭയന്ന്‌ നില്‍ക്കരുത്‌. ആഴത്തിലേയ്ക്ക്‌ എടുത്ത്‌ ചാടുക. പൊങ്ങിവന്നില്ലെന്ന്‌ വരാം. വന്നാല്‍, കൈയില്‍ മുത്തുണ്ടായിരിക്കും. - മലയാളത്തിലെ മഹാനടന്‍ സംസാരിച്ച്‌ തുടങ്ങുകയാണ്‌. മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ 'തീ’ എന്ന നാടകത്തിന്‌ വേണ്ടി തിലകനെഴുതിയതാണ്‌.

ഓണത്തെപ്പറ്റി ഒരു അഭിമുഖം മലയാളം വെബ്‌ദുനിയയ്ക്ക് തരണമെന്ന്‌ വിളിച്ചുപറഞ്ഞപ്പോള്‍ 'എനിക്ക്‌ ഓണാഘോഷങ്ങളൊന്നുമില്ല' എന്നാണ്‌ തിലകന്‍ പറഞ്ഞത്‌. 15 മിനിറ്റിനുള്ളില്‍ തീര്‍ത്തേക്കാം എന്ന്‌ പറഞ്ഞപ്പോഴാണ്‌ സമ്മതിച്ചത്‌. എന്നാല്‍ രണ്ടരമണിക്കൂറിലധികം ഞങ്ങളോട്‌ സംസാരിച്ചിരിക്കാന്‍ അദ്ദേഹം തയാറായി. അനുഭവങ്ങളുടെ തീയും തിരതള്ളലും തിലകന്‍ ഞങ്ങളുമായി പങ്ക്‌ വയ്ക്കുകയായിരുന്നു.

ഓണം ആഘോഷിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച്‌ തിലകന്‍ സംസാരിക്കുന്നു:

ഓണം എനിക്ക്‌ ആഘോഷമല്ല. ഇത്‌ ഞാന്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്‌. പണ്ട്‌ ആഘോഷിക്കുമായിരുന്നു. അന്ന്‌ ഓണക്കാലത്ത്‌ വീട്ടിലെല്ലാവരും ഒത്തുചേരുന്ന സമയമാണ്‌. ആ ഒത്തുചേരല്‍ ഒരു രസമാണ്‌. ഇത്തരം ഒത്തുചേരലിന്‌ ഹിന്ദിയില്‍ മെഹ്ഫില്‍ എന്നാണ്‌ പറയുക. ഓണത്തിന്റെ ദിവസം അച്ഛന്‍ മദ്യപിയ്ക്കും. ഞാനാണ്‌ അച്ഛനുവേണ്ടി മദ്യം വാങ്ങിക്കൊണ്ട്‌ വന്നിരുന്നത്‌. ഒരു കുപ്പി എനിക്കും തരും. അച്ഛനാണ്‌ എന്നെ മദ്യം സേവിയ്ക്കാന്‍ പഠിപ്പിച്ചത്‌.

എനിക്ക്‌ 19 വയസുള്ളപ്പോഴത്തെ കാര്യമാണ്‌. കോളജില്‍ നിന്ന്‌ എന്നെ പുറത്താക്കി. കാരണമൊക്കെ മുമ്പ്‌ പലയിടത്തും എഴുതിയിട്ടുണ്ട്‌. കോളജില്‍ നിന്ന്‌ പുറത്തായതോടെ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ. അമ്മ പലപ്പോഴും കുത്തുവാക്കുകള്‍ പറയും. അച്ഛനും ദേഷ്യമുണ്ട്‌, പഠിക്കാന്‍ വിട്ടിട്ട്‌ പഠിക്കാതെ വന്നിരിക്കുകയല്ലേ.

എനിക്കും ഒറ്റപ്പെടല്‍ അസഹ്യമായിത്തോന്നി. അങ്ങനെയാണ്‌ ഹിന്ദി പഠിക്കാന്‍ ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ ചേരുന്നത്‌. രണ്ട്‌ വര്‍ഷത്തെ കോഴ്‌സാണ്‌. കോഴ്‌സ്‌ കഴിയാറായി. ഇതു വരെ ഫീസടച്ചത്‌ വീട്ടില്‍ നിന്ന്‌ ചെറിയ തുകകള്‍ മോഷ്ടിച്ചാണ്‌. ഇനി അവസാന പരീക്ഷയാണ്‌. അറുപത്‌ രൂപ ഫീസടച്ചെങ്കിലേ പരീക്ഷ എഴുതാന്‍ പറ്റൂ. എനിക്ക്‌ എന്ത്‌ ചെയ്യണമെന്നറിയില്ല. വീട്ടില്‍ ചോദിക്കാന്‍ പറ്റില്ല. മോഷ്ടിക്കാനും പറ്റില്ല. 60 രൂപ അന്നൊരു വലിയ തുകയാണ്‌. അത്‌ മോഷ്ടിക്കുക എന്ന്‌ പറഞ്ഞാല്‍, മനസ്സനുവദിക്കുന്നില്ല.

അച്ഛന്റെ ഒരു സുഹൃത്തിനോട്‌ പണം ചോദിച്ചു. ഞാന്‍ ചോദിച്ചാല്‍ അഞ്ച്‌ പൈസ കൊടുത്തുപോകരുതെന്ന്‌ അച്ഛന്‍ പറഞ്ഞിട്ടുണ്ടത്രെ. രക്ഷയില്ല. ഫീസടയ്ക്കേണ്ട സമയം കഴിഞ്ഞു. ആകെ നിരാശനായി തിരിച്ചുപോകുമ്പോള്‍ വഴിയിലൊരുവീട്ടില്‍ നിന്ന്‌ പാട്ട് കേട്ടു. ഞാന്‍ അവിടെ കയറി. നാടകത്തിന്റെ റിഹേഴ്‌സലാണ്‌.

അതിലെ നായകന്റെ അഭിനയം തീരെ ശരിയാകുന്നില്ല. അയാളെ മാറ്റണമെന്ന്‌ റിഹേഴ്‌സല്‍ ക്യാമ്പില്‍ അഭിപ്രായം ഉയര്‍ന്നു. റിഹേഴ്‌സലിന്‌ വേണ്ടി പെട്രോള്‍മാക്സ്‌ കൊടുത്ത ആളായതുകൊണ്ട്‌ മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്‌. അതിന്റെ പേരില്‍ തര്‍ക്കമായി. പെട്രോള്‍ മാക്സ്‌ ഞങ്ങള്‍ നല്‍കാമെന്ന്‌ നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. നായകനെ മാറ്റി, ഞാന്‍ നായകനായി. റിഹേഴ്‌സല്‍ ക്യാമ്പിലെ എന്റെ അഭിനയം കണ്ട്‌ എല്ലാവരും അത്ഭുതപ്പെട്ടു. അന്നുവരെ അത്തരമൊരു അഭിനയം അവര്‍ കണ്ടിരുന്നില്ല.

നാടകം നാട്ടില്‍ പലയിടത്തും കളിച്ചു. ഞാന്‍ കുറേശ്ശെ അറിയപ്പെടാന്‍ തുടങ്ങി. പലനാടക സമിതിക്ക്‌ വേണ്ടിയും ഞാന്‍ നാടകം കളിച്ചു. ഞാന്‍ പ്രഫഷണല്‍ നടനായി മാറി. ഞാന്‍ നാടകം കളിക്കുന്നത്‌ വീട്ടിലാര്‍ക്കും ഇഷ്ടമല്ല. അമ്മയ്ക്കാണ്‌ ഏറ്റവും ദേഷ്യം. അങ്ങനെയിരിക്കെ നാട്ടില്‍ എന്റെ ഒരു നാടകം വന്നു. ചങ്ങനാശേരിക്കാരായ സഹോദരിമാരായിരുന്നു അതിലെ നായികമാര്‍. നാടകം കണ്ടിട്ട്‌ നാട്ടിലെ ചില സ്ത്രീകള്‍ അമ്മയോട്‌ പറഞ്ഞു - ‘കൂടെ അഭിനിയിച്ച പെണ്ണ്‌ ഇവിടുത്തെ കുഞ്ഞിന്‌ നന്നായി ചേരും’‌.

നാടകം കഴിഞ്ഞ്‌ ഞാന്‍ വീട്ടില്‍ വന്നു. അമ്മയെന്നോട്‌ ഒന്നും മിണ്ടിയില്ല. ചോറുണ്ണാനിരുന്നു. ചോറിന്‌ നല്ല അയലക്കറിയും. അമ്മ നന്നായി മീന്‍കറി വയ്ക്കും. പക്ഷെ എനിക്ക്‌ തന്ന മീന്‍കറിയ്ക്ക്‌ ഉപ്പ്‌ പോര. ‘ഇതെന്താ ഉപ്പില്ലാത്തത്?’ എന്ന്‌ ഞാന്‍ ചോദിച്ചു. അമ്മ അത്രയും നേരം അടക്കിവച്ചിരുന്ന ദേഷ്യം മുഴുവന്‍ പുറത്തെടുത്തു. പാകത്തിന്‌ ഉപ്പിട്ട്‌ ഉണ്ടാക്കണമെങ്കില്‍ ചങ്ങനാശേരിയിലോട്ട്‌ ചെല്ല്‌, അവിടുത്തെ പെണ്ണുങ്ങള്‍ തരുമെന്നൊരു പറച്ചില്‍. ഞാന്‍ ചോറും കറിയുമെല്ലാം വലിച്ചൊരേറും കൊടുത്ത്‌ മുറിയില്‍ വന്ന്‌ കിടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :