ടിനി ടോം എന്ന മലയാളിയുടെ ചിരിടോമിന് ഇത്തവണ ഏറ്റവും പ്രിയപ്പെട്ട ഓണമാണ്. ഏറ്റവും മനോഹരമായ ഓണമാണിതെന്നാണ് ടിനി ടോം മലയാളം വെബ്‌ദുനിയയോട് പറയാനൊരു കാരണവുമുണ്ട്. ആളുകളെ പൊട്ടിച്ചിരിപ്പിച്ച് മിമിക്രി വേദിയില്‍ നിറസാന്നിദ്ധ്യമായിരുന്നപ്പോഴും ടിനിയുടെ സ്വപ്നങ്ങളില്‍ സിനിമയുടെ ബിഗ് സ്‌ക്രീനായിരുന്നു. സ്വപ്നങ്ങള്‍ കൂട്ടിവെച്ചെങ്കിലും പക്ഷേ അവസരങ്ങള്‍ക്കായി പരക്കംപായാന്‍ ടിനി മിനക്കെട്ടില്ല. ടിനിയും ഗിന്നസ് പക്രുവും ചേര്‍ന്ന കോമ്പിനേഷന്‍ മിമിക്രി ലോകത്ത് തങ്ങളുടേതായ ലോകം തന്നെ തീര്‍ത്തു. കാരണം തനിക്ക് വിധിച്ചത് തന്നെ തേടി വരുമെന്ന് ടിനിക്ക് ഉറപ്പുണ്ടായിരുന്നു.
ഖുശ്‌ബുവിന്റെ കഥാപാത്രം പ്രാഞ്ചിയേട്ടന്റെ വീട്ടിലേക്കു കയറുമ്പോള്‍ ഫോണ്‍ വിളിച്ച് ഭര്‍ത്താവായ സിദ്ദിഖിനോട് പറഞ്ഞ് കുടുംബകലഹമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ പറയുന്ന ‘ഭാര്യയെ വിശ്വാസമുള്ള കുറെ തെണ്ടികളെന്ന‘ ടിനിയുടെ പ്രാഞ്ചിയേട്ടനിലെ ഡയലോഗ് മറക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഷൂട്ടിംഗ് സമയത്ത് ടിനിക്ക് വേണ്ടി മാത്രം ടിനിയ്ക്കായി രഞ്ജിത്തിന്റെ തൂലികയില്‍ വിരിഞ്ഞതാണത്.
പ്രാഞ്ചിയേട്ടനിലെ തൃശൂര്‍ക്കാരനായ ഡ്രൈവറുടെ വേഷത്തിനു ശേഷം രഞ്ജിത് അടുത്തചിത്രമായ ഇന്ത്യന്‍ റുപ്പിയില്‍ ടിനിക്കായി കരുതിവെച്ചത്, പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജെ പി എന്ന നായക കഥാപാത്രത്തിന്റെ തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന സി എച്ചിന്റെ മികച്ച വേഷമാണ്. പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി എന്നീ ഹിറ്റ് സിനിമകളുടെ ഭാഗമായതോടെ ടിനിയുടെ തലവരയും തെളിഞ്ഞു.
ഒരുപാട് ഓണങ്ങള്‍ അവസരങ്ങളുടെ പ്രതീക്ഷകള്‍ നല്‍കി വെറുതെ മറഞ്ഞതിനു ശേഷം ഈ ഓണം ടിനിയെ ഒരു സ്റ്റാര്‍ ആക്കിയിരിക്കുന്നു. മികച്ച രണ്ട് രഞ്ജിത് ചിത്രങ്ങളുടെയും ഭാഗമാകുകയുംലിന്‍സണ്‍ ആന്റണിയുടെ ഹൌസ്‌ഫുള്‍ എന്ന ചിത്രത്തില്‍ നായകനായും മാറിയ ഈ ഓണക്കാലം ടിനിയ്ക്ക് എങ്ങനെ വെരി വെരി സ്പെഷ്യല്‍ ആകാതെയിരിക്കും.
മലയാളികളുടെ ഓണാഘോഷത്തെ ചാനലുകള്‍ സ്വീകരണമുറിയില്‍ ഒതുക്കിയെന്നു പറഞ്ഞപ്പോള്‍ ടിനി സമ്മതിച്ചു തന്നില്ല. ലോകമെങ്ങുമുള്ള മലയാളികളുടെ ഓണാഘോഷം നമുക്ക് തൊട്ടടുത്ത് കാണാന്‍ കഴിയുന്ന ലോക മലയാളികളെ ഒന്നിപ്പിക്കുന്ന ഇപ്പോഴത്തെ ഓണാഘോഷം തന്നെയാണ് തനിക്ക് വലുതെന്ന് ടിനി പറയുന്നു.
“ഓണാഘോഷങ്ങള്‍ക്ക് എന്നെ സംബന്ധിച്ചിടത്തോളം മലയാളികള്‍ക്ക് നിറമൊട്ടും കുറഞ്ഞിട്ടില്ല. ഓണം നമ്മുടെ സ്വന്തമാണ് അത് അഘോഷിക്കേണ്ടതാണെന്ന ചിന്ത മലയാളികളില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. റെസിഡന്റ് അസോസിയേഷനുകളും മറ്റും എത്ര മനോഹരമായിട്ടാണ് ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്.”
“പിന്നെ ഒരുപാട് സിനിമാ അനുഭവങ്ങള്‍ നല്‍കിയ ധൈര്യവും സന്തോഷവും ഈ ഓണക്കാലത്ത് എന്നോടൊപ്പമുണ്ട്. രഞ്ജിത്ത് സാറിന്റെ ലൊക്കേഷന്‍ ഒരു അഭിനയക്കളരി തന്നെയായിരുന്നു. തിലകന്‍ ചേട്ടനും പ്രിഥ്വിരാജിനൊപ്പവും മമ്മൂക്കയ്ക്കൊപ്പവുമൊക്കെ അഭിനയിക്കാന്‍ കഴിയുകയും രഞ്ജിത്ത് സാറിന്റെ ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കാന്‍ പറ്റുക എന്നെപ്പോലൊരു തുടക്കക്കാരനെ സംബന്ധിച്ച് ഇതില്‍പ്പരം മറ്റൊരു ഭാഗ്യമില്ല.”
“ഒരുപാട് നാള്‍ ഒന്നും തരാതെയിരുന്നിട്ട് ഒത്തിരി അവസരങ്ങള്‍ തന്ന ഈ സമയവും നായക വേഷവുമായി എന്നെ തേടിയെത്തിയിരിക്കുന്ന ഹൌസ്‌ഫുള്‍ എന്ന ചിത്രവുമുള്ള ഈ ഓണം എനിക്ക് എങ്ങനെ മറക്കാനാവും“.