ഇടിക്കൂട്ടിലെ പുലിക്കുട്ടി മേരി കോമിന്റെ ജീവിതം സിനിമയാകുന്നു

മുംബൈ| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാനമായ മേരി കോമിന്റെ ജീവിതം സിനിമയാകുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയാണ് ഇന്ത്യയുടെ ഈ ആദ്യത്തെ ബോക്സര്‍ വനിത മേരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്. 'ബ്ലാക്ക്', 'സാവരിയ' തുടങ്ങിയ ചിത്രങ്ങളില്‍ ബെന്‍സാലിയുടെ ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്ത ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മേരി കോമില്‍ നിന്നും കഴിഞ്ഞ വര്‍ഷം തന്നെ അനുമതി വാങ്ങിയിരുന്നു. ചിത്രത്തിന്റെ വിശദമായ തിരക്കഥയുമായി ഒമങ് സഞ്ജയ് ലീല ബെന്‍സാലിയെ സമീപിക്കുകയായിരുന്നു. മേരി കോമിന്റെ ജീവിതം നേരത്തെ തന്നെ ഒമങ്ങിനെ പ്രചോദിപ്പിച്ചിരുന്നെന്ന് ബെന്‍സാലി പറഞ്ഞു.

ഒളിമ്പിക്‌സിന് ഒരു മാസം മുമ്പ് ഒമങ് സ്‌ക്രിപ്റ്റുമായി ബെന്‍സാലിയെ കണ്ടിരുന്നു. മേരി കോം ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണിപ്പോളെന്നും, രണ്ട് കുട്ടികളുടെ അമ്മകൂടിയായ മേരി വളരെയധികം കഠിന പ്രയത്‌നം ചെയ്താണ് ഇന്ന് ഈ കാണുന്ന നിലയിലെത്തിയിരിക്കുന്നതെന്ന് ബെന്‍സാലി പറഞ്ഞു. ഈ ചിത്രം നിര്‍മിക്കുന്നതില്‍ സന്തോഷമേയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.

വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്തു ലോക ജേതാവും ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിലും എത്തിയ മേരിയുടെ ജീവിതം എന്തുകൊണ്ടും ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. മാങ്തേ ചുങ്നെയിജാം മേരി കോം എന്നാണ് എം സി മേരി കോമിന്റെ പൂര്‍ണ്ണമായ പേര്. മണിപ്പൂരിലെ കങ്തേയ് ജില്ലയില്‍ ജനിച്ച മേരി കോം അഞ്ച് പ്രാവശ്യം ലോക ചാപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. ആറ് ലോക ചാപ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി ജേതാവായ ഏക വനിതയാണ് ഈ 28 കാരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :