കാവ്യാ മാധവന്‍ തന്‍റെ കൂടെപ്പിറപ്പിനെപ്പോലെയാണെന്ന് യുവനടന്‍ ജയസൂര്യ. വ്യക്തിപരമായ എല്ലാ കാര്യങ്ങളും സംസാരിക്കാനുള്ള സ്വാതന്ത്ര്യം കാവ്യയോട് തനിക്കുണ്ടെന്നും ജയസൂര്യ. കാവ്യയും അനൂപ് മേനോനുമാണ് സിനിമാ ഫീല്‍ഡില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളെന്നും ജയസൂര്യ പറയുന്നു.
ഒരു ടി വി ചാനലിനു വേണ്ടി ഇന്‍റര്‍വ്യൂ ചെയ്യാനായി നീലേശ്വരത്ത് പോയപ്പോഴാണ് കാവ്യയെ ജയസൂര്യ ആദ്യം കാണുന്നത്. ഒരു സുഹൃത്തിനോടെന്നപോലെയാണ് അന്ന് കാവ്യ ജയസൂര്യയോട് സംസാരിച്ചത്. വളരെ ശക്തമായ ഒരു സൌഹൃദത്തിന്‍റെ ആരംഭമായിരുന്നു അതെന്ന് ജയസൂര്യ പറയുന്നു.
അഭിമുഖത്തിന് ശേഷം ജയസൂര്യ ഇടയ്ക്കിടെ കാവ്യയെ വിളിക്കുമായിരുന്നു. കൂട്ടുകാരെയൊക്കെ അസൂയപ്പെടുത്താനായി കാവ്യയുടെ വീട്ടിലേക്ക് വിളിച്ചിട്ട് “ഞാനാ, ജയനാ...കാവ്യയുണ്ടോ മാധവേട്ടാ?” എന്നൊക്കെ ചോദിക്കും. ഈ ലക്കം ‘ഗൃഹലക്ഷ്മി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യയുമായുള്ള സൌഹൃദത്തിന്‍റെ ആഴം ജയസൂര്യ വ്യക്തമാക്കുന്നത്.
ഒരിക്കല്‍ കാവ്യ തന്‍റെ ക്ഷണം സ്വീകരിച്ച് വീട്ടിലേക്ക് വന്നതിനെപ്പറ്റിയും ജയസൂര്യ വിവരിക്കുന്നുണ്ട്. എന്തായാലും പിന്നീട് ജയസൂര്യ സിനിമയിലെത്തി. ജയന്‍ ആദ്യം മുഖം കാണിച്ച സിനിമയായ ദോസ്തില്‍ നായിക കാവ്യാ മാധവനായിരുന്നു.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ കാവ്യ ജയസൂര്യയുടെ നായികയായി. പിന്നീട് പുലിവാല്‍ കല്യാണം, ടൂ വീലര്‍, ഗ്രീറ്റിംഗ്സ്, കിലുക്കം കിലുകിലുക്കം, ക്ലാസ്മേറ്റ്സ്, അതിശയന്‍, കംഗാരു, എന്‍ മനവാനില്‍(തമിഴ്) തുടങ്ങിയ സിനിമകളിലും കാവ്യയും ജയസൂര്യയും ഒന്നിച്ചു.