ജയസൂര്യയ്ക്കു പകരം വയ്ക്കാന്‍ മറ്റൊരാളില്ല: അനൂപ് മേനോന്‍

WEBDUNIA|
PRO
അനൂപ് മേനോന്‍ ഭാവിയിലെ പത്‌മരാജനോ രഞ്ജിത്തോ ആണെന്നൊരു സംസാരം ഇപ്പോള്‍ തന്നെ സിനിമാലോകത്തുണ്ട്. വ്യത്യസ്തവും ഊര്‍ജ്ജസ്വലവുമായ തിരക്കഥകളുമായി അനൂപ് മേനോന്‍ തിളങ്ങുകയാണ്. കോക്‍ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ സിനിമകള്‍ പ്രേക്ഷകപ്രീതി നേടിയപ്പോള്‍ തിരക്കഥാകാരന്‍ എന്ന നിലയില്‍ അനൂപ് എല്ലാ സംവിധായകരുടെയും ഫസ്റ്റ് ചോയ്സായി മാറി.

‘ബ്യൂട്ടിഫുള്‍’ എന്ന സിനിമ അനൂപ് മേനോന് വലിയ നേട്ടമാണ് സമ്മാനിച്ചത്. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ തേടിയെത്തി. ശരീരം പൂര്‍ണമായും തളര്‍ന്ന ഒരു വ്യക്തിയുടെ ചിന്താഗതികളെ സിനിമഭാഷയിലേക്ക് വഴക്കിയെടുത്ത മിടുക്കിന് ഒട്ടേറെ അംഗീകാരങ്ങളും ലഭിക്കുമെന്ന് എന്ന് പ്രതീക്ഷിക്കാം. അവതരിപ്പിച്ച സ്റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രമായിരുന്നു ബ്യൂട്ടിഫുളിന്‍റെ ആത്മാവ്.

എന്നാല്‍, ആ കഥാപാത്രം ഇത്രയും ഭംഗിയായതിന്‍റെ ക്രെഡിറ്റ് അനൂപ് പൂര്‍ണമായും ജയസൂര്യയ്ക്ക് നല്‍കുകയാണ്. “ജയസൂര്യയല്ലാതെ ഇപ്പോഴുള്ള നടന്‍‌മാരില്‍ സ്റ്റീഫന്‍ ലൂയിസായി അഭിനയിക്കാന്‍ പറ്റിയ മറ്റൊരു നടനില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വാക്കുകളിലൂടെയും കണ്ണുകളിലൂടെയും മാത്രം അഭിനയിക്കുകയായിരുന്നു ജയന്‍. ചുരുങ്ങിയ കാലയളവില്‍ കരിയര്‍ ഇത്രയധികം ഇംപ്രൂവ്‌ ചെയ്‌ത മറ്റൊരു നടനെ കണ്ടിട്ടില്ല. ഈ ജനറേഷനിലെ ഏറ്റവും മികച്ച നടന്‍‌മാരിലൊരാളാണ് ജയസൂര്യ‍. ജയസൂര്യയ്ക്കു പകരം വയ്ക്കാനായി മറ്റൊരാളെ പറയാന്‍ സാധിക്കുന്നില്ല.” - അനൂപ് മേനോന്‍ പറയുന്നു.

“ജയസൂര്യയുടെ വലിയ ആഗ്രഹമായിരുന്നു ശരീരം തളര്‍ന്ന ആളായി അഭിനയിക്കണമെന്ന്. കോക്‍ടെയില്‍ കഴിഞ്ഞപ്പോഴാണ്‌ ജയന്‍ ഈ‍ ആഗ്രഹം പറഞ്ഞത്‌. ശരീരം തളര്‍ന്ന കോടീശ്വരന്‍. വലിയ ഗുണം പിടിക്കാത്ത ഗിറ്റാറിസ്റ്റായ സുഹൃത്ത്‌. ഇവരുടെ ഇടയിലെ സൗഹൃദം. ഇവര്‍ക്കിടയിലേക്ക്‌ ഒരു പെണ്ണ്‌ കടന്നു വരുന്നു. അങ്ങനെയാണ്‌ ബ്യൂട്ടിഫുളിന്‍റെ കഥ ഡെവലപ്പ്‌ ചെയ്‌തത്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അനൂപ് മേനോന്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :