എന്നെ ചോദ്യം ചെയ്തത് 15 മിനിറ്റ്, പൊട്ടിക്കരഞ്ഞെന്ന വാര്‍ത്ത കള്ളം: ഇടവേള ബാബു
WEBDUNIA|
PRO
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തന്നെ റവന്യൂ ഇന്‍റലിജന്‍സ് മണിക്കൂറുകളോളം ചോദ്യം ചെയ്തെന്ന മാധ്യമവാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബു. തന്നെ വെറും പതിനഞ്ച് മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്യലിനിടയില്‍ താന്‍ പൊട്ടിക്കരഞ്ഞു എന്ന വാര്‍ത്ത കളവാണെന്നും ഇടവേള ബാബു പറയുന്നു.
“ആരുടെയും ഔദാര്യം സ്വീകരിക്കുന്ന സ്വഭാവം എനിക്കില്ല. ദുബായില്‍ പോയാല്‍ തന്നെ ഒരു പേന പോലും ഞാന്‍ കൊണ്ടുവരാറില്ല. ആരുടെ ഫ്ലാറ്റിലും പോയി താമസിക്കാറില്ല. ഏതെങ്കിലും ഹോട്ടലില്‍ താമസിക്കും. ആരെങ്കിലും സുഹൃത്തുക്കള്‍ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ പോകും, തിരിച്ചുവരും” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇടവേള ബാബു വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസിലെ പ്രതി നബീലുമായുള്ള ബന്ധത്തേക്കുറിച്ചും ഇടവേളബാബു ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
“ലോയിഡ് എന്ന അസിസ്റ്റന്‍റ് ഡയറക്ടര്‍ക്ക് ഒരു നിര്‍മ്മാതാവിനെ വേണം. സുഹൃത്തായ നബീലിന്‍റെ കാര്യം ഞാന്‍ പറഞ്ഞു. കഥ ഡിസ്കസ് ചെയ്യാന്‍ നിര്‍മ്മാതാവിന്‍റെ ഫ്ലാറ്റില്‍ പോകണമെന്ന് പറഞ്ഞു. ഞാന്‍ ഒപ്പം വേണമെന്ന് നിര്‍മ്മാതാവും നിര്‍ബന്ധിച്ചു. അങ്ങനെ ആ ഫ്ലാറ്റില്‍ ലോയിഡിനൊപ്പം ഞാന്‍ പോയി. കഥ സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ ഞാന്‍ ആ ഫ്ലാറ്റില്‍ പോയിട്ടുണ്ട്. ഓരോ പ്രാവശ്യവും ഫ്ലാറ്റിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പും വച്ചിരുന്നു. ഞാന്‍ ആ ഫ്ലാറ്റില്‍ ചെന്നു എന്നതുകൊണ്ടാണ് റവന്യൂ ഇന്‍റലിജന്‍സ് എന്നെ വിളിച്ച് സംസാരിച്ചത്. വെറും 15 മിനിറ്റ് മാത്രമായിരുന്നു ആ സംസാരം” - ഇടവേള ബാബു വ്യക്തമാക്കുന്നു.