Last Updated:
ബുധന്‍, 24 ഡിസംബര്‍ 2014 (15:09 IST)
തന്‍റെ പുതിയ സിനിമയായ 'ആമയും മുയലും' തകര്‍ക്കാന്‍ അറിയാത്ത ശത്രുക്കളാണ് രംഗത്തെത്തിയതെന്ന് പ്രിയദര്‍ശന്‍. സിനിമയുടെ ആദ്യപ്രദര്‍ശനം പൂര്‍ത്തിയാകും മുമ്പ് ഓണ്‍ലൈന്‍ മീഡിയകളില്‍ റിവ്യൂ പ്രസിദ്ധീകരിച്ചാണ് സിനിമയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും ആദ്യ ദിവസം മുതല്‍ ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്നും പ്രിയദര്‍ശന്‍ പറയുന്നു.
"കരുതിക്കൂട്ടിയുള്ള ദ്രോഹമാണ് ഇതൊക്കെ. സംവിധായകന്‍ എന്ന നിലയില്‍ ഇത് ഉണ്ടാക്കിയ വേദന ചെറുതല്ല. നമ്മുടെ ഫിലിം ഇന്‍ഡസ്ട്രിയെ തന്നെ തുലച്ചുകളയുന്ന കാര്യങ്ങളാണ് ഇതൊക്കെ. സിനിമയുടെ ആദ്യപ്രദര്‍ശനം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തെക്കുറിച്ച് വരുന്ന റിവ്യൂകള്‍ അല്ല പ്രേക്ഷകപ്രതികരണം. വളരെ അപകടകരമായ പ്രവണതയാണ് ഇത്" - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
"ആമയും മുയലും എന്ന സിനിമയ്ക്കെതിരെയുള്ള ആക്രമണം എന്തിനുവേണ്ടിയായിരുന്നു എന്ന് ഇപ്പോഴും മനസിലായിട്ടില്ല. ജീവിതത്തില്‍ ഏറ്റവും വേദനകളിലൂടെ കടന്നുപോകുമ്പോഴാണ് ഞാന്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിച്ചത്. ഞാന്‍ നല്ല സിനിമകളും മോശം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സിനിമ നല്ലതാവാം, മോശമാകാം. സിനിമകളുടെ വിധിനിര്‍ണ്ണയം പ്രേക്ഷകര്‍ക്ക് വിടുകയാണ് ചെയ്യേണ്ടത്" - പ്രിയദര്‍ശന്‍ പറയുന്നു.
കുട്ടികളും സ്ത്രീകളുമായിരുന്നു ഈ സിനിമയ്ക്കായി ലക്‍ഷ്യമിട്ട പ്രേക്ഷകരെന്നും അവര്‍ക്ക് ചിത്രം ഇഷ്ടമായെന്നാണ് വിശ്വസിക്കുന്നതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ക്കുന്നു.