BIJU|
Last Modified ബുധന്‍, 17 മെയ് 2017 (15:18 IST)
കടുത്ത മമ്മൂട്ടി ആരാധകനാണ് ദേവികുളം സബ്‌കലക്ടര് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ദി കിംഗിലെ ജോസഫ് അലക്സ് എന്ന കഥാപാത്രം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതും പരസ്യമായ രഹസ്യം. എങ്കിലിതാ തന്‍റെ മമ്മൂട്ടി ആരാധനയെക്കുറിച്ച് ശ്രീറാം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയുന്നു.
ആണുങ്ങള്‍ പോലും നോക്കിനില്‍ക്കുന്ന പൌരുഷമാണ് മമ്മൂട്ടിയെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു. “കുട്ടിക്കാലത്തേ മമ്മൂട്ടിയുടെ കടുത്ത ഫാനാണ്, ഒട്ടുമിക്ക മമ്മൂട്ടി സിനിമകളും ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ എന്ന രീതിയില്‍ കണ്ടിട്ടുണ്ട്. ആണുങ്ങള്‍ പോലും നോക്കിനില്‍ക്കുന്ന പൌരുഷമല്ലേ? എനിക്കുതോന്നുന്നത് മൂന്നുനാലുതലമുറയായി യൂത്ത് ഐക്കണ്‍ എന്നുപറയാവുന്ന ഒരു നടന്‍ മമ്മൂട്ടിയാണെന്നാണ്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീറാം വ്യക്തമാക്കുന്നു.
“ഒരിക്കല്‍ മമ്മൂട്ടിയെ ദൂരെനിന്നു കണ്ടു. അത്രതന്നെ. അദ്ദേഹത്തെ കാണണം, സംസാരിക്കണം എന്നൊക്കെ തോന്നിയിട്ടുണ്ട്. കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഞാനും അത് ആഗ്രഹിക്കുന്നു” - ശ്രീറാം തുറന്നുപറയുന്നു.
“കിംഗിലെ ജോസഫ് അലക്സിനെയും കമ്മീഷണറിലെ ഭരത് ചന്ദ്രനെയുമൊക്കെ കണ്ടിട്ട് അതുപോലെയാകണം എന്നാഗ്രഹിക്കാത്ത ചെറുപ്പക്കാര്‍ ഉണ്ടാകില്ല. മലയാളി യുവാക്കളെ ഒരുപാട് സ്വാധീനിച്ച കഥാപാത്രങ്ങളാണ് അവര്‍. ആ സ്വാധീനം എനിക്കും ഉണ്ടായിട്ടുണ്ട്. കിംഗ്, കമ്മീഷണര്‍ ഒക്കെ ഒരുപാടുതവണ കണ്ട സിനിമകളാണ്. അവയുടെ പുറംമോടികളോ കഥാപാത്രങ്ങളുടെ മാനറിസങ്ങളോ ഒന്നുമല്ല നമ്മെ സ്വാധീനിക്കുന്നത്. അതില്‍ മനുഷ്യനോട് തൊട്ടുനില്‍ക്കുന്ന ജീവിതമാണ്” - ശ്രീറാം പറയുന്നു.
ഉള്ളടക്കത്തിന് കടപ്പാട് - വനിത