Last Updated:
വ്യാഴം, 8 ജനുവരി 2015 (16:10 IST)
ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറംലോകം കാണാതെയും ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അടിമജീവിതം അനുഭവിക്കേണ്ടിവന്ന ചെറുപ്പക്കാരന്‍റെ കഥ. വിധിയുടെ ചതിക്കുഴിയില്‍ പെട്ട് അടിമയായി മാറേണ്ടിവരുമ്പോള്‍ അവനുണ്ടാകുന്ന മാനസികാഘാതങ്ങള്‍. അവന്‍റെ ചിന്തകള്‍. ഇതെല്ലാം ‘ആടുജീവിതം’ എന്ന ബെന്യാമിന്‍ കൃതിയിലൂടെ മലയാളത്തിലെ വായനക്കാര്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ബ്ലെസി ഈ നോവല്‍ സിനിമയാക്കുന്നു എന്ന വാര്‍ത്തയും സിനിമാലോകത്ത് പറന്നുകളിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. 'ആടുജീവിതം' വിക്രമിനെ നായകനാക്കി ബ്ലെസി ആരംഭിക്കുന്നു എന്നതാണ് പുതിയ വിവരം.
തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ സിനിമ ഒരു ബിഗ് ബജറ്റ് പ്രൊജക്ടാണ്. ചിത്രത്തിന്‍റെ ഭൂരിഭാഗം രംഗങ്ങളും ഗള്‍ഫ് മരുഭൂമികളിലാണ് ചിത്രീകരിക്കുന്നത്. വലിയ ശാരീരികാധ്വാനം ആവശ്യമുള്ള കഥാപാത്രമാണ് ഇതിലെ നായകനായ നജീബ്. നജീബ് ആയി മാറാന്‍ ഇരുപതുകിലോയോളം ഭാരം കുറയ്ക്കുക എന്നതുതന്നെയായിരിക്കും വിക്രമിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി.
എന്നാല്‍ 'ഐ' പോലെ ഒരു അത്ഭുതചിത്രത്തിനായി ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്ത് വിസ്മയിപ്പിച്ച വിക്രമിന് ഇത് അത്ര വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരിക്കില്ല.
“ആടുജീവിതം ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന ഒരു അവസ്ഥയെയാണ് ആ നോവലില്‍ ഞാന്‍ ദര്‍ശിച്ചത്. ആ അവസ്ഥയെ, അനുഭവത്തെ സിനിമയിലേക്ക് പകര്‍ത്തുക എന്നതാണ് വെല്ലുവിളി” - ബ്ലെസി നേരത്തേ ഈ പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത് ഇതാണ്.
തമിഴിലും മലയാളത്തിലുമായി ഇതിന്‍റെ തിരക്കഥ തയ്യാറാക്കുന്നതിന്‍റെ ജോലികളിലാണ് ഇപ്പോള്‍ ബ്ലെസി എന്ന് സൂചനയുണ്ട്.