BIJU|
Last Modified തിങ്കള്‍, 3 ഡിസംബര്‍ 2018 (12:39 IST)
മമ്മൂട്ടി എന്ന താരത്തേപ്പോലെ അഭിനയിക്കാന്‍ കഴിയുക എന്നതാണ് പല അഭിനേതാക്കളും പുലര്‍ത്തുന്ന സ്വപ്നം. ആ പെര്‍ഫെക്ഷന്‍ തന്‍റെ അഭിനയത്തിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്! പുതുതായി സിനിമയിലേക്ക് വരുന്ന പലരും മമ്മൂട്ടിയുടെ അഭിനയം കണ്ട് അമ്പരന്ന് അഭിനയം മറന്നുനില്‍ക്കുന്നതും പതിവ് കാഴ്ചയാണ്.
സിനിമയില്‍ പുതുമുഖമല്ല ഫുട്ബോള്‍ താരം ഐ എം വിജയന്‍. ‘ശാന്തം’ എന്ന ചിത്രത്തിലൂടെ താന്‍ മികച്ച നടന്‍ കൂടിയാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എന്നാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചത് ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയോട് വില്ലത്തരം കാണിക്കുന്ന ആളായാണ് അഭിനയിക്കേണ്ടത്. ആ സിനിമയിലെ ഒരു രംഗത്ത് മമ്മൂട്ടിയുടെ തോളില്‍ തട്ടി പുച്ഛഭാവത്തില്‍ സംസാരിക്കേണ്ട ഒരു സന്ദര്‍ഭമുണ്ട്. എത്ര തവണ എടുത്തിട്ടും ആ സീന്‍ ശരിയായില്ല.
മമ്മൂട്ടിയുടെ തോളില്‍ തട്ടി ഐ എം വിജയന്‍ സംസാരിക്കുന്ന രംഗം സംവിധായകന്‍ ഹനീഫ് അദേനി പല തവണ എടുത്തു. എന്നാല്‍ ശരിയായി വന്നില്ല. ഒടുവില്‍ ആ രംഗം ഒഴിവാക്കിത്തരുമോ എന്ന് വിജയന്‍ തന്നെ സംവിധായകനോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. ആ രംഗം അങ്ങനെ തന്നെ ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ബന്ധിച്ചു. ഒടുവില്‍ ഐ എം വിജയന്‍ അത് അഭിനയിപ്പിച്ച് ഫലിപ്പിച്ചു. സിനിമയില്‍ ശ്രദ്ധേയമായ ഒരു രംഗമായി അത് മാറുകയും ചെയ്തു.