മോഹന്‍ലാല്‍ അല്ല, നമ്പി നാരായണനായി മാധവന്‍ - ബിഗ്ബജറ്റ് ചിത്രം വരുന്നു!

Mohanlal, Madhavan, Nambi Narayanan, Anand Mahadevan, Oommenchandy, മോഹന്‍ലാല്‍, മാധവന്‍, നമ്പി നാരായണന്‍, ആനന്ദ് മഹാദേവന്‍, ഉമ്മന്‍‌ചാണ്ടി
അഞ്ജലി ജ്യോതിപ്രസാദ്| Last Updated: ചൊവ്വ, 21 നവം‌ബര്‍ 2017 (10:48 IST)
ചാരവൃത്തിയുടെ പേരില്‍ ആരോപണ വിധേയനായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം സിനിമയാകുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ആമിര്‍ഖാന്‍ എന്നറിയപ്പെടുന്ന മാധവനാണ് നമ്പിനാരായണനെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. മറാത്തി - ഹിന്ദി ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

നമ്പിനാരായണന്‍റെ 25 വയസുമുതല്‍ 75 വയസുവരെയുള്ള ജീവിതകാലഘട്ടമാണ് സിനിമയില്‍ പകര്‍ത്തുന്നത്. ലുക്കിലും ശരീരഭാരത്തിലുമെല്ലാം ഏറെ വ്യതിയാനങ്ങള്‍ ഈ കഥാപാത്രത്തിനായി മാധവന്‍ വരുത്തുന്നുണ്ട്.

റോക്കറ്റ് സാങ്കേതികവിദ്യയില്‍ ജീനിയസായ ഒരു ശാസ്ത്രജ്ഞന്‍ തന്‍റെ കരിയറില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ചാരക്കേസില്‍ അകപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്‍റെ ജീവിതം തന്നെ മാറിപ്പോകുന്നു. നമ്പി നാരായണനുമായി നടത്തിയ ദൈര്‍ഘ്യമേറിയ അഭിമുഖ സംഭാഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആനന്ദ് മഹാദേവന്‍ തിരക്കഥ രചിച്ചിരിക്കുന്നത്.

“തന്‍റെ സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം നിറഞ്ഞ പ്രവര്‍ത്തികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവസാനം അദ്ദേഹം അത് നേടി. തന്‍റെ പ്രതിയോഗികളെ അദ്ദേഹം കീഴടക്കി. ഇത് ശരിക്കും പ്രചോദിപ്പിക്കുന്ന ഒരു കഥയാണ്. ഞാന്‍ നമ്പി നാരായണനൊപ്പം ഏറെ സമയം ചെലവഴിച്ചു. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് ഞാന്‍ മടങ്ങിയത്” - നേരത്തേ ഒരു അഭിമുഖത്തില്‍ ആനന്ദ് മഹാദേവന്‍ വ്യക്തമാക്കിയിരുന്നു.

‘വളരെ ആരാധ്യനായ ഒരു ചിന്തകന്‍. സര്‍ റിച്ചാര്‍ഡ് അറ്റന്‍‌ബെറോയെ അനുസ്മരിപ്പിക്കുന്ന രൂപം” - പ്രൊഫസര്‍ നമ്പിനാരായണനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പ്രൊഫസര്‍ നമ്പി നാരായണന്‍ 1994ലാണ് ചാരക്കേസില്‍ ആരോപണവിധേയനാകുന്നത്. അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ട അദ്ദേഹം ഒടുവില്‍ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

മോഹന്‍ലാലിനെയാണ് ഈ സിനിമയ്ക്കായി ആനന്ദ് മഹാദേവന്‍ സമീപിച്ചത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ബിസി ഷെഡ്യൂളുകള്‍ കാരണം അദ്ദേഹത്തിന് ഈ പ്രൊജക്ടുമായി സഹകരിക്കാന്‍ കഴിയാതെ വരികയായിരുന്നു എന്നാണ് സൂചന. എന്തായാലും മാധവന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഇതെന്ന് നിസംശയം പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :