Last Modified വെള്ളി, 7 ജൂണ്‍ 2019 (13:58 IST)
സംഗീതത്തിനുമേലുള്ള അവകാശത്തിൽ ഇളയരാജയ്ക്ക് നിയമ വിജയം. സംഗീതജ്ഞർക്ക് തങ്ങളുടെ എല്ലാ സൃഷ്ടിക്കുംമേൽ അവകാശമുണ്ട് എന്നാണ്
മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞത്.
2014ലാണ് തന്റെ പാട്ടുപയോഗിച്ച് പണമുണ്ടാക്കുന്ന കമ്പനികളെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംഗീതസംവിധായകനായ
ഇളയരാജ കോടതിയെ സമീപിക്കുന്നത്.
ഈ പാട്ടുകൾക്ക് മേൽ ഇളയരാജയ്ക്ക് 'ധാർമിക അവകാശമുണ്ട്' എന്നാണ്
കോടതിയുടെ നിരീക്ഷണം.
പകർപ്പകവാശ (കോപ്പി റൈറ്റ്) നിയമങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവകാശമാണ് ധാർമികാവകാശം. ധാർമികാവകാശത്തിന് കീഴിൽ പ്രധാനമായും മൂന്ന് അവകാശങ്ങളാണ് വരുന്നത്. കടപ്പാട് ലഭിക്കുന്നതിനുള്ള അവകാശം, പേര് വെളിപ്പെടുത്താതിരിക്കാനും തൂലികാനാമത്തിനുമുള്ള അവകാശം, ചെയ്ത സൃഷ്ടിക്കുമേലുള്ള സമഗ്രമായ അവകാശം എന്നിവയാണിത്.
സൃഷ്ടിക്കുമേലുള്ള സമഗ്രമായ അവകാശപ്രകാരം സ്രഷ്ടാവിന് തന്റെ സൃഷ്ടി ഭേദപ്പെടുത്തുന്നതും വളച്ചൊടിക്കുന്നതും
വെട്ടിച്ചുരുക്കുന്നതുമെല്ലാം എതിർക്കാവുന്നതാണ്. ഒരാൾക്ക് തന്റെ സൃഷ്ടിക്കുമേലുള്ള സാമ്പത്തികമായ അവകാശങ്ങൾ ഇല്ലാതായാലും അതിന്മേലുള്ള സമഗ്രമായ അവകാശം നിലനിൽക്കുന്നു.
സിനിമയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. ഒരു സിനിമാ പാട്ടിനുമേൽ സാമ്പത്തികാവകാശം ചിലപ്പോൾ
നിർമാതാവിനോ മറ്റ് ഏജൻസികൾക്കോ ആയിരിക്കാം. അപ്പോൾ തന്നെയും സംഗീതസംവിധായകന് അതിലുള്ള അവകാശം ഉണ്ടാകും.നാലര പതിറ്റാണ്ടിലേറെയായി സിനിമാ സംഗീതത്തിലുള്ളയാളാണ് ഇളയരാജ. ആയിരത്തിലധികം സിനിമകളുടെ സംഗീതസംവിധാനം നിർവഹിച്ചത്
ഇളയരാജയാണ്.
7,500 പാട്ടുകൾ തന്റേതായി ഉണ്ട് എന്നാണ്
ഇളയരാജ കോടതിയിൽ പറഞ്ഞത്.
കഴിഞ്ഞ വർഷം ഹിറ്റായ '96' എന്ന തമിഴ് സിനിമയിൽ തന്റെ പാട്ട് ഉപയോഗിച്ചത് ഇളയരാജയെ ചൊടിപ്പിച്ചിരുന്നു. 'ആ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയാണ് എന്നതിന്റെ പേരിൽ ആ കാലത്തെ ഒരു പാട്ട് എടുക്കണം എന്നില്ല. അത് തെറ്റായ നടപടിയാണ്," സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇളയരാജ പറയുകയുണ്ടായി. 1996ൽ ഇറങ്ങിയ 'ദളപതി ' എന്ന ചിത്രത്തിലെ 'യമുന ആട്രിലെ' എന്ന പാട്ടാണ് '96'ൽ ഉപയോഗിച്ചതിനോടുള്ള ഇളയരാജയുടെ പ്രതികരണമായിരുന്നു ഇത്.