ഷാലി ബേബി|
Last Modified വെള്ളി, 27 ഡിസംബര്‍ 2019 (11:56 IST)
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനേക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ഫോട്ടോ പൃഥ്വിയുടെ പത്‌നി സുപ്രിയ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ എമ്പുരാന്‍ തരംഗമായി മാറുന്നത്. കൈയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന മോഹന്‍ലാലിനെ പൃഥ്വിരാജ് സന്ദര്‍ശിക്കുകയായിരുന്നു.
അതോടൊപ്പം, ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് എമ്പുരാനേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. മുരളി ഗോപി എമ്പുരാന്‍റെ തിരക്കഥ എഴുതി നല്‍കിയാല്‍ കൃത്യം ആറാം മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് ആ അഭിമുഖത്തില്‍ പൃഥ്വി പറയുന്നത്.
ലൂസിഫറിന്‍റെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം പ്രീ പ്രൊഡക്ഷനായി പൃഥ്വിക്ക് നാലുമാസം ആവശ്യമായി വന്നു. എമ്പുരാന്‍റെ കാര്യത്തില്‍ അത് ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് പൃഥ്വി പറയുന്നത്. മുരളി ഗോപി ഇപ്പോള്‍ രതീഷ് അമ്പാട്ടിന്‍റെ ചിത്രത്തിനായി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എമ്പുരാന്‍റെ എഴുത്ത് ആരംഭിക്കും.
2020 അവസാനം എമ്പുരാന്‍റെ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.