Last Modified ശനി, 6 ജൂലൈ 2019 (18:53 IST)
കുട്ടികളുടെ കഥ പറഞ്ഞ ‘പതിനെട്ടാം പടി’ വലിയ ഹിറ്റായി മാറുന്നു. സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഫസ്റ്റ് ഡേ കളക്ഷനാണ് പതിനെട്ടാം പടി നേടിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളായി സിനിമ പ്രദര്‍ശിപ്പിക്കുന്നു. കേരളത്തിനുപുറത്തും അതിഗംഭീര സ്വീകരണമാണ് ചിത്രത്തിന്.
ഈ സിനിമയുടെ തിരക്കഥയോട് വലിയ ഇഷ്ടം തോന്നിയതുകൊണ്ടാണ് താന്‍ ഈ ചിത്രത്തിന് പണം മുടക്കാന്‍ തയ്യാറായതെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ മലയാളം വെബ്‌ദുനിയയോട് പറഞ്ഞു. “അതിമനോഹരമായ തിരക്കഥയായിരുന്നു ശങ്കറിന്‍റേത്. ഇതിലെ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പൊക്കെ ഗംഭീരമായിരുന്നു. ആ ക്യാമ്പില്‍ നിന്ന് പുറത്തുവന്ന പ്രതിഭകള്‍ കഥാപാത്രങ്ങളായി ജീവിക്കുക തന്നെ ചെയ്തു” - ഷാജി നടേശന്‍ പറയുന്നു.
“ഈ സിനിമയിലെ സ്കൂള്‍ കാലം അഭിനയിക്കാമെന്ന് ദുല്‍ക്കറൊക്കെ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പൂര്‍ണമായും കുട്ടികളെ അവതരിപ്പിച്ച് ഒരു റിയലിസ്റ്റിക് അപ്രോച്ച് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പതിനെട്ടാം പടി റിലീസായ ശേഷം ഇതൊരു സൂപ്പര്‍താര സിനിമ സ്വീകരിക്കപ്പെടുന്ന രീതിയില്‍ സ്വീകരിക്കപ്പെടുകയാണ്” - ഷാജി വെളിപ്പെടുത്തി.
പതിനൊന്നാം തീയതി വിദേശരാജ്യങ്ങളിലും പതിനെട്ടാം പടി റിലീസ് ചെയ്യുകയാണ്. ഇന്ത്യയില്‍ നിന്നുള്ള സൂപ്പര്‍ റിപ്പോര്‍ട്ട് ലഭിച്ചതോടെ വിദേശരാജ്യങ്ങളിലെ മലയാളികളും ചിത്രത്തിന്‍റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.