അവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നത്തിലാണോ? തമ്മിലടിച്ചുപിരിഞ്ഞോ? ഇനി അവര്‍ ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കില്ലേ? ഈ ചോദ്യങ്ങള്‍ ഒന്നാകെ ഉയരുന്നത് അനൂപ് മേനോന് - ജയസൂര്യ ടീമിനെക്കുറിച്ചാണ്. അനൂപും ജയസൂര്യയും തമ്മില്‍ പിണങ്ങി എന്ന റൂമര്‍ കാട്ടുതീ പോലെ പടരുന്നതിനിടെ എന്തായാലും ജയസൂര്യ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ വന്‍ ഹിറ്റുകളായപ്പോള്‍ മലയാള സിനിമയിലെ ഭാഗ്യജോഡി എന്ന് ഇവര്‍ വാഴ്ത്തപ്പെട്ടിരുന്നു. ഒട്ടേറെ പ്രൊജക്ടുകള്‍ സംവിധായകര്‍ ഇവരെ വച്ച് പ്ലാന്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് എത്ര പെട്ടെന്നാണ്? ഡേവിഡ് ആന്റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകള്‍ പരാജയപ്പെട്ടതോടെ അനൂപ് മേനോന് - ജയസൂര്യ സഖ്യത്തിനും ഇടവേളയായി.
ഇവര്‍ തമ്മില്‍ പിണങ്ങി എന്ന വാര്‍ത്ത പ്രചരിച്ചതോടെ ജയസൂര്യ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. “പരസ്പരം തല്ലുകൂടാന്‍ ഞങ്ങള്‍ കുട്ടികളല്ല” - എന്നാണ് ജയസൂര്യ വ്യക്തമാക്കിയിരിക്കുന്നത്.