തന്‍റെ വിവാഹം സംബന്ധിച്ച എല്ലാ വിവാദങ്ങള്‍ക്കും പൃഥ്വിരാജ് മറുപടി പറയുന്നു. ഇപ്പോള്‍ തന്‍റെ ഭാര്യയും, നാലു വര്‍ഷക്കാലം പ്രണയിനിയുമായിരുന്ന സുപ്രിയാമേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ അറിയില്ലെന്ന് താന്‍ ഒരു അഭിമുഖത്തിലും പറഞ്ഞിട്ടില്ലെന്ന് പൃഥ്വി വ്യക്തമാക്കി.
“എന്‍റെ വിവാഹത്തിന് ശേഷം ഏറ്റവും വലിയ വിവാദമുണ്ടായത് ഞാന്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തെച്ചൊല്ലിയാണ്. ‘മുംബൈയിലെ ആ മാധ്യമപ്രവര്‍ത്തകയെ ഞാന്‍ അറിയില്ല’ എന്ന് ആ അഭിമുഖത്തില്‍ അച്ചടിച്ചു വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ എന്നോടുചോദിച്ചത് ‘പ്രതീക്ഷാ മേനോന്‍ എന്ന മുംബൈ മാധ്യമപ്രവര്‍ത്തകയെ അറിയുമോ?’ എന്നാണ്. ഇപ്പോഴും ഞാന്‍ പറയുന്നു, പ്രതീക്ഷാ മേനോന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ എനിക്കറിയില്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരാളുണ്ട്, പക്ഷേ ഞാന്‍ ആ കുട്ടിയെ അറിയില്ല എന്നാണ് പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍, ആ മാധ്യമത്തില്‍ അഭിമുഖം അച്ചടിച്ചുവന്നപ്പോള്‍ ‘പ്രതീക്ഷാ മേനോന്‍’ എന്ന പേരുണ്ടായിരുന്നില്ല. ‘മുംബൈയിലെ മാധ്യമപ്രവര്‍ത്തകയുമായി പരിചയമില്ല’ എന്നാണ് അഭിമുഖത്തില്‍ വന്നത്. അത് ‘സുപ്രിയയെ എനിക്കറിയില്ല’ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു” - ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.