പൃഥ്വിരാജും ‘പരുത്തിവീരന്‍’കാര്‍ത്തിയും തമ്മില്‍ എന്താണ് വ്യത്യാസം?
WEBDUNIA|
PRO
മലയാളത്തിലെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജും തമിഴിലെ യുവ സൂപ്പര്‍താരം കാര്‍ത്തിയും തമ്മില്‍ എന്താണ് വ്യത്യാസം? വ്യത്യാസം പറയുന്നതിന് മുമ്പ് എന്താണ് സാമ്യമെന്ന് പറയാം. ഇരുവരും അവരവരുടെ ഭാഷകളിലെ മിന്നുന്ന താരങ്ങള്‍. അതിലുപരിയായി, പൃഥ്വി കഴിഞ്ഞ ദിവസം വിവാഹിതനായി. കാര്‍ത്തി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു.
ഇനിയാണ് വ്യത്യാസം. പൃഥ്വിയുടെ വിവാഹം ഇരുമ്പു മറയ്ക്കുള്ളില്‍ ആരോരുമറിയാതെ നടത്തി. മാധ്യമങ്ങളെപ്പോലും അകറ്റി നിര്‍ത്തി. എന്നാല്‍ കാര്‍ത്തിയാകട്ടെ തന്‍റെ വിവാഹം ഏവരെയും അറിയിച്ചിരിക്കുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. മാതാപിതാക്കള്‍ ആലോചിച്ചുറപ്പിച്ച പെണ്‍കുട്ടിയെയാണ് കാര്‍ത്തി വിവാഹം കഴിക്കുന്നത്. വിവാഹക്കാര്യം മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിച്ച രീതിയിലാണ് പൃഥ്വിരാജും കാര്‍ത്തിയും തമ്മിലുള്ള വ്യത്യാസം.
മുംബൈയിലുള്ള ഒരു മാധ്യമപ്രവര്‍ത്തകയുമായി പൃഥ്വി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പൃഥ്വി കോപാകുലനായത് കേരളം മുഴുവനറിഞ്ഞതാണ്. ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് വാദിച്ച പൃഥ്വി ‘ഇതാണോ മാധ്യമധര്‍മം?’ എന്ന് പല മാഗസിനുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളിലൂടെ രോഷം കൊണ്ടു. എനിക്കൊരു വിവാഹമുണ്ടെങ്കില്‍ അത് നിങ്ങളെയേവരെയും അറിയിച്ചുകൊണ്ടായിരിക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിക്കുന്ന പൃഥ്വി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്‍റെ വാക്കുകള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത രീതിയില്‍ ആരോരുമറിയാതെ വിവാഹിതനായി. ഒരു രഹസ്യവിവാഹം നടത്തി തന്‍റെ താരമൂല്യവും വാര്‍ത്താപ്രാധാന്യവും കൂട്ടാമെന്നായിരിക്കും അദ്ദേഹം ഉള്ളില്‍ കണക്കുകൂട്ടിയത്.
ഇത്തരത്തിലുള്ള നാടകങ്ങള്‍ക്കിടയിലാണ് നമ്മുടെ അയല്പക്കത്ത് സൂര്യയുടെ അനുജന്‍ കാര്‍ത്തിയുടെ വിവാഹവാര്‍ത്ത വ്യത്യസ്തമാകുന്നത്. ഇത്തരം ബഹളങ്ങളോ മറച്ചുപിടിക്കലോ ഒന്നും അവിടെയില്ല. കാര്യങ്ങള്‍ ലളിതം. ചെന്നൈ സ്‌റ്റെല്ലമേരി കോളജില്‍ നിന്ന് സാഹിത്യത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദം നേടിയ രഞ്ജിനിയാണ് കാര്‍ത്തിയുടെ പ്രതിശ്രുത വധു. എംഎയ്ക്ക് പഠിക്കുകയാണിപ്പോള്‍ രഞ്ജിനി. കാര്‍ത്തിയുടെ പിതാവും തമിഴ്‌നടനുമായ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
താന്‍ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കിയ നടനാണ് കാര്‍ത്തി. പൃഥ്വിക്കാകട്ടെ അങ്ങനെയൊരു ട്രാക്ക് റെക്കോര്‍ഡൊന്നും അവകാശപ്പെടാനില്ല. കാര്‍ത്തിയും പൃഥ്വിയും തമ്മില്‍ എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ.