എന്‍റെ മനസിലിപ്പോള്‍ നയന്‍‌താര ഇല്ല: ചിമ്പു

WEBDUNIA|
PRO
PRO
തന്റെ ‘വാലിബന്‍’ എന്ന പുതിയ നയന്‍‌താരയുമായുള്ള തന്റെ പ്രണയത്തിന്റെ കഥയല്ലെന്നും നയന്‍‌താര ഇപ്പോള്‍ തന്റെ മനസില്‍ ഇല്ലെന്നും ചിമ്പു. നയന്‍‌താര തന്നെ ഇട്ടെറിഞ്ഞ് പോയതിന്റെ പക തീര്‍ക്കാനായി, പഴയ പ്രണയകഥ സിനിമയാക്കിയതാണോ ‘വാലിബന്‍’ എന്ന സിനിമ എന്ന ചോദ്യത്തിന് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു ചിമ്പു.

‘വല്ലവന്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ചിമ്പുവും നയന്‍‌താരയും സൌഹൃദത്തിലാകുന്നത്. തുടര്‍ന്ന് പ്രണയം പൂത്തുലഞ്ഞു. എന്നാല്‍ ‘ചന്ദ്രമുഖി’ എന്ന സിനിമയില്‍ രജനിയുടെ നായികയായി നയന്‍‌താര അഭിനയിച്ച സമയത്ത് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തനിക്കും ചിമ്പുവിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ചിമ്പു വൃത്തികെട്ടവനാണെന്നും നയന്‍‌താര പത്രസമ്മേളനം വിളിച്ച് പറയുന്ന വരെയെത്തി കാര്യങ്ങള്‍. ചിമ്പുവാകട്ടെ, ഇരുവരും ഒരുമിച്ചുള്ള സ്വകാര്യഫോട്ടോകള്‍ പുറത്തുവിട്ടാണ് പ്രതികാരം ചെയ്തത്.

ഇരുവര്‍ക്കും ഇടയിലുള്ള പിണക്കം മാറ്റാന്‍ തൃഷ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് നയന്‍‌താരയും പ്രഭുദേവയുമായുള്ള പ്രണയത്തിന്റെ എപ്പിസോഡ് ആരംഭിക്കുകയും ചിമ്പു കുറച്ചുകാലം നിരാശാകാമുകനായി അലയുകയും ചെയ്തു.

ഈയടുത്ത് നയന്‍‌താരയും ചിമ്പുവും ഒരേ വേദിയില്‍ അടുത്തടുത്ത് ഇരിക്കേണ്ട ഒരവസരം ഉണ്ടായി. ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങി, ആ വേദിയില്‍ വച്ച് ചിമ്പു ഹൃദയം തകര്‍ന്ന് പാടി - “ലൂസുപ്പെണ്ണേ, ലൂസുപ്പെണ്ണേ ലൂസുപ്പെണ്ണേ, ലൂസുപ്പയ്യന്‍ ഉന്നാലെതാന്‍ ലൂസാ സുത്തുറാന്‍!” (ഭ്രാന്തിപ്പെണ്ണേ, ഈ ഭ്രാന്തന്‍ ചെക്കന്‍ നീ കാരണമാണ് ഭ്രാന്തുപിടിച്ച് അലയുന്നത്). പാട്ട് കേട്ട് നയന്‍‌താരയുടെ കണ്ണില്‍ നിന്ന് അശ്രുകണങ്ങള്‍ പൊഴിഞ്ഞത്രേ!

പഴയ പ്രണയം ചിമ്പുവിന്റെ മനസില്‍ പച്ചപിടിച്ച് കിടക്കുന്നുണ്ടെന്ന് അറിയാവുന്നതിനാലാണ് ‘വാലിബന്‍’ എന്ന സിനിമ ‘ചിമ്പു - നയന്‍‌താര’ പ്രണയകഥയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

“വാലിബന്‍ എന്ന സിനിമയുടെ കഥ ഞാന്‍ രചിച്ചത് തന്നെയാണെന്നത് സത്യം. എന്നാല്‍ നയന്‍‌താരയുമായി എനിക്കുണ്ടായിരുന്ന പ്രണയബന്ധമല്ല വാലിബന്റെ കഥ. വണ്‍ വേ പ്രണയമാണ് വാലിബന്റെ പ്രമേയം. വണ്‍ വേ പ്രണയമാണ് വാലിബന്റെ കഥയെങ്കില്‍ അത് എന്റെയും നയന്‍‌താരയുടെയും കഥയാവില്ലല്ലോ? കാരണം ഞങ്ങള്‍ ഇരുവരും പരസ്പരം പ്രണയിച്ചിരുന്നു. എന്തായാലും ആ പ്രണയം പൊട്ടിപ്പൊളിഞ്ഞുപോയി. എന്റെ മനസിലിപ്പോള്‍ നയന്‍‌താര ഇല്ല. ഞാന്‍ ആളാകെ മാറിക്കഴിഞ്ഞിരിക്കുന്നു” - ചിമ്പു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :