തൊഴില്‍‌പരിചയം: ആദ്യ കേന്ദ്രം തിരുവനന്തപുരത്ത്

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2007 (15:57 IST)
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനുള്ള ആദ്യ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനമാരംഭിച്ചു.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ക്ക്‌ തങ്ങളുടെ തൊഴില്‍ സംബന്ധമായ പരിചയത്തിന്‌ എന്‍.സി.വി.റ്റി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര തൊഴില്‍ വകുപ്പ്‌ മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ്‌.

വിവിധ സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ രാജ്യത്തിനകത്തും പുറം രാജ്യങ്ങളിലുമുള്ള തൊഴില്‍ സാധ്യത മുന്നില്‍ കണ്ട്‌ ടെസ്റ്റ്‌ നടത്തിയാണ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ പാസ്സായവരും 18 വയസ്‌ തികഞ്ഞവരുമായവര്‍ക്ക്‌ തൊഴില്‍ പരിചയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുക.

ഓട്ടോമൊബെയില്‍, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, വെല്‍ഡര്‍, പ്ലംബര്‍, ഫിറ്റര്‍, ടര്‍ണര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഗാര്‍മെന്‍റ് മാനുഫാക്ചറര്‍/ടെയ്‌ലറിങ്‌, മെഷിനിസ്റ്റ്‌, കാര്‍പെന്‍റര്‍, ബാങ്കിങ്‌ ആന്‍ഡ്‌ അക്കൗണ്ടന്‍സി, സെയില്‍സ്‌മാന്‍ഷിപ്പ്‌, പാരാ മെഡിക്കല്‍ എക്യുപ്‌മെന്‍റ്‌, റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്‌, പ്രിന്‍റര്‍, ബ്യൂട്ടി കള്‍ച്ചറല്‍/തെറാപ്പിസ്റ്റ്‌, ഹോട്ടല്‍/ഫുഡ്‌സ്‌/സ്‌നാക്‌സ്‌ സെക്‌ടര്‍ തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ട്രേഡ്‌ ടെസ്റ്റിങ്‌ തൊഴില്‍ പ്രാവീണ്യ പരീക്ഷ പാസ്സാകുന്നതിലൂടെ എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനര്‍ഹതയുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328009, 2324009 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :