വിലക്കയറ്റം: സഭയില്‍ ബഹളം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 23 ഫെബ്രുവരി 2010 (17:25 IST)
വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പ്രശ്നത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ വിയോജിച്ചതാണ് പ്രത്യക്ഷ ബഹളത്തിലേക്ക് നയിച്ചത്.

രാജ്യസഭയായിരുന്നു ബഹളത്തെ തുടര്‍ന്ന് ആദ്യം പിരിഞ്ഞത്. ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി 12 മണി വരെ നിര്‍ത്തിവെച്ചതായി അറിയിക്കുകയായിരുന്നു. പിന്നീട് ചേര്‍ന്നെങ്കിലും നടപടികള്‍ തുടരാനായില്ല.

ലോക്സഭയില്‍ സ്പീക്കര്‍ മീരാ‍കുമാറിന്‍റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജിനെ സഭയ്ക്ക് പരിചയപ്പെടുത്തി. ഇതിനു ശേഷം സുഷമാ സ്വരാജിന്‍റെ മറുപടി പ്രസംഗത്തിനിടെയാണ് വിഷയം ഉയര്‍ന്നുവന്നത്. തന്നെ പരിചയപ്പെടുത്തിയ ദിവസത്തില്‍ തന്നെ മറ്റൊരു പ്രധാന കാര്യവും തനിക്ക് ഉന്നയിക്കാനുണ്ടെന്ന മുഖവുരയോടെയായിരുന്നു സുഷമാ സ്വരാജ് പ്രശ്നം അവതരിപ്പിച്ചത്.

മറ്റ് വിഷയങ്ങള്‍ മാറ്റിവെച്ച് അടിയന്തര പ്രമേയത്തില്‍ വിഷയം ചര്‍ച്ചയ്ക്കെടുക്കണമെന്ന് അവര്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്നം ഏറെ പ്രാധാന്യത്തോടെ സഭ ചര്‍ച്ച ചെയ്തു എന്ന സന്ദേശമായിരിക്കും ഈ നടപടി നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുലായം സിംഗ് യാദവും വിഷയം ചര്‍ച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ സര്‍ക്കാരിന് വേണ്ടി മറുപടി പറഞ്ഞ പാര്‍ലമെന്‍ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നും അതിന് സഭയുടെ ചട്ടവും നിയമവും അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. വിലക്കയറ്റ പ്രശ്നം മുന്‍‌പ് സഭയില്‍ ചര്‍ച്ച ചെയ്തതാണ്. മുന്‍‌പ് ചര്‍ച്ച ചെയ്ത പ്രശ്നം അടിയന്തര പ്രമേയമായി അനുവദിക്കാന്‍ ചട്ടമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് വിഷയങ്ങള്‍ മാറ്റിവെച്ച് വൈകിട്ട് വരെ പ്രശ്നം ചര്‍ച്ച ചെയ്യാമന്ന ബദല്‍ നിര്‍ദ്ദേശം അദ്ദേഹം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ വഴങ്ങിയില്ല. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :