പൊരുത്തങ്ങളും മുഹൂര്‍ത്തങ്ങളും - ഒരു നേര്‍വഴിപ്പുസ്തകം!

ബിജു ഗോപിനാഥന്‍

WEBDUNIA|
PRO
കേരളത്തില്‍ വിവാഹമോചനക്കേസുകള്‍ കൂടുന്നു എന്നത് ഏവരും അംഗീകരിച്ചുകഴിഞ്ഞ യാഥാര്‍ത്ഥ്യമാണ്. പല കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും ‘പൊരുത്തമില്ലായ്മ’യാണ് ഈ കേസുകളിലെല്ലാം പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാനസികമായി പൊരുത്തമില്ലാത്തവര്‍ക്ക് എത്രകാലം ഒരുമിച്ച് ജീവിക്കാനാകും? എന്താണ് ഈ പൊരുത്തം? എങ്ങനെയാണ് രണ്ടുപേര്‍ തമ്മില്‍ പൊരുത്തമുണ്ടോ എന്നു നോക്കുന്നത്? ഏതൊക്കെ കാര്യങ്ങളിലാണ് പൊരുത്തമുണ്ടാകേണ്ടത്?

ഒരു വിവാഹബന്ധം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും മുഖ്യമാണ് പൊരുത്ത പരിശോധന. ഒരു ജ്യോത്സ്യന്‍റെയും സഹായം കൂടാതെ വിവാഹപ്പൊരുത്തവും വിവാഹാദി മുഹൂര്‍ത്തങ്ങളും കണ്ടെത്തുന്നതിന് ആധികാരികമായ ഒരുത്തമ ഗ്രന്ഥം ദര്‍ശന്‍ വികാസ് ബുക്സ് പുറത്തിറക്കിയിരിക്കുന്നു. എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ രചിച്ചത് ‘സമ്പൂര്‍ണ്ണ വിവാഹ പൊരുത്ത ശോധനയും മുഹൂര്‍ത്തങ്ങളും’ എന്ന ഈ ഗ്രന്ഥം ഓരോ ഭവനത്തിലും അത്യാവശ്യം വേണ്ടതാണ് എന്നതില്‍ സംശയമില്ല.

രണ്ട് ഭാഗങ്ങളിലായി 17 അധ്യായങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. 346 പേജുകളിലായി വ്യാപിച്ചുകിടക്കുന്ന അറിവിന്‍റെ ഈ മഹാഗ്രന്ഥത്തില്‍ 341 ഉപശാഖകളുമുണ്ട്. വിവാഹ പൊരുത്ത ശോധനയാണ് ഈ ഗ്രന്ഥത്തിലെ ആദ്യ അധ്യായം. നക്ഷത്രപ്പൊരുത്തങ്ങള്‍, രാശിപ്പൊരുത്തം, വശ്യപ്പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം, ആയുര്‍പ്പൊരുത്തം തുടങ്ങി എല്ലാവിധ പൊരുത്തങ്ങളെക്കുറിച്ചും ഒന്നാം ഭാഗത്തിന്‍റെ ആദ്യ അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് വിശദമാക്കുന്നു.

“വിവാഹം മുതലായ കര്‍മ്മങ്ങള്‍ക്ക് ശുഭാശുഭ കാലനിരൂപണം ചെയ്യുന്നതിനെയാണ് മുഹൂര്‍ത്തം എന്നുപറയുന്നത്. പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രം ഫലം സിദ്ധിക്കണമെന്നില്ല. പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലം പ്രവൃത്തി ചെയ്യുന്ന കാലത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. അനുകൂല സമയത്തുചെയ്യുന്ന പ്രവര്‍ത്തി ഗുണഫലങ്ങളെ പുഷ്ടികരമായി പ്രദാനം ചെയ്യുന്നു. ഒരു പ്രവൃത്തി ചെയ്യുന്ന കാലം ആ പ്രവൃത്തി ചെയ്യുന്നതിന് അനുകൂലമല്ലെങ്കില്‍ ഗുണഫലമുണ്ടാകുകയില്ല എന്നുമാത്രമല്ല ദുഃഖവും ദുരിതവും നാശവും നഷ്ടവും ഉണ്ടാകുന്നതിന് അതിനിടയാക്കുകയും ചെയ്യും” - മുഹൂര്‍ത്തവും പൊരുത്തവും നോക്കുന്നതിലെ അടിസ്ഥാന തത്വം ഇതില്‍ നിന്നും വ്യക്തമാകുന്നു.

വിഷകന്യായോഗങ്ങള്‍, ദശാസന്ധി ദോഷം, യോഗസാമ്യം തുടങ്ങിയവയെക്കുറിച്ചും ഒന്നാം ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്. “നക്ഷത്രപ്പൊരുത്തങ്ങള്‍ സാധ്യതകളാണ്. ജാതകപരമായ പൊരുത്തചിന്ത സൂക്ഷ്മവുമാണ്. ജാതകപരമായ പൊരുത്തചിന്തയിലേക്ക് കടക്കുന്നതിന് മുമ്പ് പരാമര്‍ശിക്കപ്പെടേണ്ട പ്രധാനപ്പെട്ട കാര്യം വിഷകന്യായോഗമുണ്ടോ എന്നുള്ളതാണ്. ഈ യോഗം പുരുഷന്‍‌മാര്‍ക്കും ഉണ്ടാകുമെങ്കിലും സ്ത്രീകള്‍ക്കാണ് കൂടുതല്‍ ദോഷമുണ്ടാകുന്നത്. അതുകൊണ്ടാണ് വിഷകന്യായോഗം എന്ന് പേരുവന്നത്” - ഗ്രന്ഥം പറയുന്നു.

ദീര്‍ഘായുസ്, ഓരോ നാളിനും ചേര്‍ച്ചയുള്ള നാളുകള്‍, സന്താനയോഗം, ധനലാഭയോഗം, രാഹുകേതുക്കള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ വിശദമായ ആഖ്യാനം പുസ്തകത്തിന്‍റെ ആദ്യ ഭാഗത്തില്‍ കാണാം.

മുഹൂര്‍ത്തങ്ങളെക്കുറിച്ചാണ് രണ്ടാം ഭാഗം വിശദമാക്കുന്നത്. മുഹൂര്‍ത്ത ഗുണലക്ഷണങ്ങള്‍, വിവാഹമുഹൂര്‍ത്തം, ഗര്‍ഭൌഷധം സേവിക്കുവാനുള്ള മുഹൂര്‍ത്തം, ശിശുവിനെ ആദ്യമായി തൊട്ടിലില്‍ കിടത്തുന്നതിനുള്ള മുഹൂര്‍ത്തം, പണം കടം വാങ്ങുന്നതിനുള്ള മുഹൂര്‍ത്തം, കാര്‍ വാങ്ങുന്നതിനുള്ള മുഹൂര്‍ത്തം തുടങ്ങി ഒരു മനുഷ്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന മുഖ്യ മുഹൂര്‍ത്തങ്ങളെക്കുറിച്ചും അവയില്‍ എങ്ങനെ ചരിക്കണം, പെരുമാറണം എന്നതിനെക്കുറിച്ചും ഈ മഹാഗ്രന്ഥത്തില്‍ പറഞ്ഞുതരുന്നുണ്ട്.

“വധൂവരന്‍‌മാരുടെ ജന്‍‌മക്കൂറില്‍ നിന്നും ഏഴാം രാശി ശുദ്ധമായിരിക്കുന്ന കാലത്തുമാത്രമേ വിവാഹം നടത്തുവാന്‍ പാടുള്ളൂ. പാണിഗ്രഹണം നടത്തുന്നതും താലികെട്ടുന്നതും ഒരേ രാശിയില്‍ തന്നെ ആയിരിക്കേണ്ടതുമാണ്. വരന്‍റെ ജന്‍‌മനക്ഷത്രദിവസം വിവാഹം നടത്താന്‍ പാടില്ല. അര്‍ദ്ധരാത്രിയിലും വിവാഹം നടത്തരുത്” - വിവാഹ മുഹൂര്‍ത്തങ്ങള്‍ നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളില്‍ പറയുന്നു.

PRO
സമ്പൂര്‍ണ്ണ വിവാഹ പൊരുത്ത ശോധനയും മുഹൂര്‍ത്തങ്ങളും
എസ്സ് ബാബുരാജന്‍ ഉണ്ണിത്താന്‍(ഫോണ്‍ - 9447791386)
ദര്‍ശന്‍ വികാസ് ബുക്സ്
വില: 350 രൂപ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :