ബാരിസ്റ്റര്‍ ജി പി പിള്ളയെ അറിയാന്‍...

ബി ഗിരീഷ്

ജി പി പിള്ള-പുസ്തകം
PROPRO
ബാരിസ്റ്റര്‍ ജി പി പിള്ളയെ കുറിച്ച്‌ പുതിയ തലമുറക്ക്‌ മാത്രമല്ല യുവമാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പോലും ഒന്നുമറിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മലയിന്‍കീഴ്‌ ഗോപാലകൃഷ്‌ണന്‍ 'ജി പി പിള്ള: മഹാത്മാഗാന്ധിക്ക്‌ മാര്‍ഗദര്‍ശിയായ മലയാളി' എന്ന പുസ്‌തകമെഴുതുന്നത്.

സ്വാതന്ത്ര്യ സമരകാലത്ത്‌ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലെത്തിയ മലയാളി എന്ന നിലയില്‍ മാത്രമല്ല പതിനെട്ടാം വയസില്‍ ബ്രട്ടീഷ് വൈസ്രോയിക്ക്‌ എതിരെ ശബ്ദിക്കാന്‍ ധൈര്യം കാട്ടിയ ധീരദേശാഭിമാനി എന്ന നിലയിലും പത്രപ്രവര്‍ത്തനം സാമൂഹ്യമാറ്റത്തിന്‌ വേണ്ടി ഫലപ്രദമായി വിനിയോഗിച്ച വ്യക്തി എന്ന നിലയിലും ബാരിസ്‌റ്റര്‍ ജി പി പിള്ള സ്‌മരിക്കപ്പെടുന്നു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ദീപ്‌തമായ ഒരേട്‌ വിവരിക്കുന്നതിലൂടെ തിരുവിതാംകൂറിന്‍റെ സാമൂഹിക രാഷ്ട്രീയചരിത്രവും വിവരിക്കാനാണ്‌ മലയിന്‍കീഴ്‌ ശ്രമിക്കുന്നത്‌.

ജി പി പിള്ളയുടെ ജീവചരിത്രത്തിനൊപ്പം 1880മുതല്‍ 1903 വരെയുള്ള തിരുവിതാംകൂറിന്‍റെ മനസാണ്‌ മലയിന്‍കീഴ്‌ പുസ്‌തകത്തിലൂടെ വരച്ചുകാട്ടുന്നത്‌. പത്രപ്രവര്‍ത്തനം ഭരണത്തിലിരിക്കുന്നവരെ മണിയടിക്കാനുള്ള ഏര്‍പ്പാടായി അധ:പതിക്കുന്ന ആധുനിക കാലഘട്ടത്തില്‍ എല്ലാ പ്രാതികൂല്യങ്ങളോടും പൊരുതി ബ്രട്ടീഷ്‌ വൈസ്രോയിക്ക്‌ എതിരെ ധീരമായി പ്രതികരിച്ച ജി പി പിള്ളയിലെ പത്രപ്രവര്‍ത്തകനെ മലയിന്‍കീഴ്‌ പരിചയപ്പെടുത്തുന്നു.

തിരുവിതാംകുറിലെ ദുഷിച്ച്‌ നാറിയ ഭരണത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ പതിനെട്ടാം വയസില്‍ ജന്മനാട്‌ ഉപേക്ഷിക്കേണ്ടി വന്ന ജി പരമേശ്വരന്‍ പിള്ള എന്ന തിരുവനന്തപുരത്തുകാരന്‍റെ ജീവിതത്തെ പുസ്തകത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :