തിരക്ക് പിടിച്ച ഇന്നത്തെ കാലത്ത് ക്ഷമാപൂര്‍വം കവിതകള്‍ വായിക്കാനും ആസ്വദിക്കാനും കവിതാസ്വാദകര്‍ക്ക് പോലും കഴിയാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ പോലും നല്ല കവിതയെ ഇഷ്ടപ്പെടുന്നവരെ വായനയിലേക്ക് നയിക്കുന്ന പ്രണയകവിതകളുടെ സമാഹാരമാണ് കെ എന്‍ ഷാജികുമാറിന്റെ പ്രണയപുസ്തകം.
ഇതിലെ കവിതകളെല്ലാം ആത്മനിഷ്ഠങ്ങളാണെന്ന് നിസ്സംശയം പറയാം. എന്നാല്‍, തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് ഈ കവിതകളോരോന്നും രചിക്കപ്പെട്ടിരിക്കുന്നത്. ‘ പ്രണയപുസ്തകം’ എന്നല്ല മറിച്ച് ജീവിതപുസ്തകത്തിലെ പ്രണയാധ്യായമാണീ കവിതകള്‍ എന്ന് പറയുന്നതായിരിക്കും ഉചിതം. എന്നാല്‍, വെറുമൊരു പ്രണയത്തിനപ്പുറത്തേക്ക് ഉത്തരാധുനിക സമൂഹത്തിന്റെ ഭീതിപ്പെടുത്തുന്ന തലങ്ങളുടെ അനാവരണം കൂടിയായി ഇതിലെ ഓരോ പ്രണയകവിതകളും മാറുന്നു. റസിയ എന്ന കവിത ഉദാഹരണം.
“അലകടലായലറും മൌനം നിറമിഴികളില്‍ പൂക്കും നേരം കരളാകെ വാരിയെറിഞ്ഞിട്ടിരു- വഴികളില്‍ പിരിഞ്ഞവര്‍ നമ്മള്” എന്ന് കവി റസിയയെ കുറിച്ച് വേദനയോടെ ഓര്‍ക്കുന്നു.
ഒടുവില്‍ റസിയയ്ക്കുണ്ടാകുന്ന മാറ്റം സമൂഹത്തില്‍ നിഷ്കളങ്കയായ പെണ്‍കുട്ടിയ്ക്ക് ഉണ്ടാകുന്ന മാറ്റമാണ്. ‘കരിമന്‍ണിന്‍ കാമം പേറി കരിനാഗമായണയുന്നോര്‍ക്ക് രതിരോഗം പകരുന്ന രാത്രിയാണ് ഇന്ന് റസിയ’ എന്ന് തിരിച്ചറിഞ്ഞ് കവി നെഞ്ച്പൊട്ടുന്ന വേദന അടിച്ചമര്‍ത്തി പിന്‍വാങ്ങുമ്പോള്‍ ഇന്നത്തെ സമൂഹത്തിന്റെ നേര്‍ച്ചിത്രം വ്യക്തമാകുന്നു. പെണ്ണ് ഉപഭോഗവസ്തുവായി മാറുന്ന വര്‍ത്തമാനകാലത്തെ ഭീതിജനകമായ ചിത്രമാണിവിടെ കവി വരച്ച് കാട്ടുന്നത്.